കണ്ണൂർ :- കേരളത്തിലെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ല എന്ന പ്രഖ്യാപനത്തിനൊരുങ്ങി കണ്ണൂർ. കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി ആഗസ്റ്റ് 14 വ്യാഴാഴ്ച പ്രഖ്യാപിക്കും. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നിർവഹിക്കും. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും.
അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര മുക്തമാക്കുമെന്ന രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി 2025 മെയ് 22 നാണ് ജില്ല ലക്ഷ്യം സാക്ഷാത്കരിച്ചത്. 2021 ആഗസ്റ്റിലാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസ സ്ഥലം, അടിസ്ഥാന വരുമാനം എന്നിവയില്ലാത്ത അർഹരായ 3973 കുടുംബാംഗങ്ങളെ കണ്ടെത്തുകയും ആവശ്യാനുസരണം മൈക്രോപ്ലാൻ തയ്യാറാക്കുകയും ചെയ്തു. പിന്നീട് 1078 പേർക്ക് ഭക്ഷണവും 2296 പേർക്ക് സാന്ത്വന പരിചരണവും ചികിത്സയും ലഭ്യമാക്കി.
ഉപജീവനമാർഗം ആവശ്യമുളള 235 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യമൊരുക്കുകയും കുടുംബശ്രീ മുഖേനെ തൊഴിൽ ലഭ്യമാക്കുകയും ചെയ്തു. 967 കുടുംബങ്ങൾക്ക് വീട്, ഒൻപത് ടോയ്‌ലറ്റുകൾ, 17 കുടുംബങ്ങൾക്ക് കുടിവെളളം, എട്ട് വീടുകളിൽ വൈദ്യുതീകരണം എന്നിവയും ഇതിന്റെ ഭാഗമായി ലഭ്യമാക്കി. ഇതോടൊപ്പം 413 പേർക്ക് ആധാർ കാർഡ്, 262 പേർക്ക് റേഷൻ കാർഡ്, 280 പേർക്ക് ആരോഗ്യ ഇൻഷുറൻസ്, 149 പേർക്ക് ജോബ് കാർഡ്, 25 പേർക്ക് ഭിന്നശേഷി തിരിച്ചറിയൽ കാർഡ്, 615 പേർക്ക് വോട്ടർ ഐ ഡി എന്നീ അവകാശരേഖകളും ലഭ്യമാക്കി. സംസ്ഥാനത്താദ്യമായി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലോക്ക്പഞ്ചായത്ത്, ധർമ്മടം നിയമസഭാ നിയോജക മണ്ഡലം എന്നിവയും കണ്ണൂർ ജില്ലയിലാണ്.