ഡൽഹി:-മുസ്ലിം ലീഗിന്റെ ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരമായ 'ഖാഇദേ മില്ലത്ത് സെന്റർ' ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഡൽഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാൽ മാർഗിലാണ് മുസ്ലിം ലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം. പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് എംപിമാർ, കെ.സി വേണുഗോപാല്‍, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരെയും സംരക്ഷിക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഓരോ മുസ്ലിം ലീഗ് പ്രവർത്തകന്റെയും സ്വപ്നമായിരുന്നു ഖാഇദേ മില്ലത്ത് സെന്ററെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുതിർന്ന അഭിഭാഷകനും പാർലമെന്റ് അംഗവുമായ കപില്‍ സിബൽ 'ഇലക്ഷൻ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
അഞ്ചു നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന മന്ദിരത്തിൽ ദേശിയ കമ്മിറ്റി ഓഫീസ് മീറ്റിംഗ് ഹാളുകൾ, വർക്ക് സ്പേസുകൾ, ഡിജിറ്റൽ കോൺഫ്രൻസ് ഹാൾ, പബ്ലിക് ഹാൾ, ലൈബ്രറി തുടങ്ങിയവയാണ് ഉള്ളത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത മുസ്ലിം ലീഗ് പ്രതിനിധികളും നേതാക്കളുമടക്കം നിരവധി പേർ ചടങ്ങിന്റെ ഭാഗമായി.