ഇരിട്ടി :- കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടയിൽ ബൈക്കിൽ ഒളിപ്പിച്ചുകടത്തിയ 18.639 ഗ്രാം എംഡിഎംഎയുമായി ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശി വി.എസ് അമൃതി(28)നെ ഇരിട്ടി പോലീസും കണ്ണൂർ റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. കഴിഞ്ഞ ദിവസം വെകുന്നേരമാണ് ഇയാൾ പിടിയിലായത്.
ബൈക്കിന്റെ സീറ്റിനടിയിലെ ഫിൽറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരു അമൃത് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കർണാടകയിൽനിന്നും താത്കാലിക രജിസ്ട്രേഷൻ ബൈക്കിൽ വരികയായിരുന്ന പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഫിൽറ്ററിൻ്റെ സ്ക്രൂ ഇളകിയ നിലയിൽ കണ്ടെത്തിയതും സമീപത്തുതന്നെ സ്ക്രൂ തുറക്കാൻ ഉപയോഗിക്കുന്ന അലൈൻ കീയും കണ്ടെത്തിയതോടെയാണ് പോലീസ് ഫിൽറ്റർ ബോക്സ് തുറന്ന് പരിശോധിച്ചത്.
ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത് എന്നാണ് പോലീസിന് നൽകിയ മൊഴി. വ്യത്യസ്തമാർഗങ്ങളിലാണ് കൂട്ടുപുഴ അതിർത്തിയിലൂടെ മയക്ക് മരുന്നുകൾ കേരളത്തിലേക്ക് കടത്തുന്നത്. ഒരു തവണ ഉപയോഗിക്കുന്ന രീതിയിൽ ആയി രിക്കില്ല അടുത്ത തവണ സംഘം എത്തുന്നത്. അതിർത്തിയിൽ പോലീസ് എക്സൈസ് ചെക്പോസ്റ്റുകൾ ഉണ്ടെങ്കിലും ആധുനിക പരിശോധനാരീതികൾ ഒന്നും ഇവിടെയില്ല.
ലഭിക്കുന്ന പോലീസിനും എക്സൈസിനും രഹസ്യവിവരവും പരിശോധനയിൽ കണ്ടെത്തുന്ന രീതിയും മാത്രമാണ് ഇവിടെ അവലംബിക്കുന്നത്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ ഇരിട്ടി എസ്ഐ എം.ജെ ബെന്നി, സിവിൽ പോലീസ് ഓഫീസർമാരായ നിസാമുദീൻ, ആദർശ്, ഡാൻസാഫ് അംഗങ്ങളായ എസ്ഐ ജിജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ്, ഷൗക്കത്തലി എന്നിവരും ഉണ്ടയിരുന്നു.