കേരളത്തിൽ അപകടാവസ്ഥയിലുള്ളത് 1157 സ്കൂൾ കെട്ടിടങ്ങൾ ; 891 സസർക്കാർ സ്‌കൂളുകളെന്ന് റിപ്പോർട്ട്


തിരുവനന്തപുരം :- സംസ്ഥാനത്ത് അപകടാവസ്ഥയിലുള്ള 1157 സ്‌കൂൾ കെട്ടിടങ്ങളുണ്ടന്നു തദ്ദേശവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പിനു റിപ്പോർട്ട് നൽകി. നിയമസഭയിൽ സി.ആർ മഹേഷിൻ്റെ ചോദ്യത്തിനുത്തരമായി മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലം തേവലക്കര ഗവ.ബോയ്‌സ് സ്കൂ‌ളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തെ തുടർന്ന് തദ്ദേശ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

സർക്കാർ, എയ്‌ഡഡ്, കേരള സിലബസിലുള്ള അൺ എയ്‌ഡഡ് സ്കൂ‌ളുകൾ എന്നിവിടങ്ങളിൽ മാത്രമായിരുന്നു പരിശോധന. അപകടാവസ്‌ഥയിലെന്നു കണ്ടെത്തിയ കെട്ടിടങ്ങളിൽ 891 എണ്ണവും സർക്കാർ സ്കൂളുകളിലും 263 എണ്ണം എയ്ഡഡ് സ്കൂളുകളിലുമാണ്. 3 അൺ എയ്ഡഡ് സ്കൂ‌ൾ കെട്ടിടങ്ങളും അപകടത്തിലാണ്. കൊല്ലം (143), ആലപ്പുഴ (134), തിരുവനന്തപുരം (120) എന്നിവിടങ്ങളിലാണ് കൂടുതൽ അപകടാവസ്‌യിലുള്ള കെട്ടിടങ്ങളുള്ളത്. കുറവ് പാലക്കാട്ടാണ്- 34 എണ്ണം. അതേസമയം തേവലക്കര സംഭവത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. അതിൽ കണ്ടെത്തിയ പ്രശ്‌നങ്ങളുൾപ്പെടെ പരിഹരിക്കുന്നതിന് പൊതുവിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ യോഗം ചേരുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Previous Post Next Post