കോഴിക്കോട് :- അമീബിക് മസ്തിഷ്കജ്വരം പടരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണ ജോർജ്. ആവശ്യത്തിനുള്ള മരുന്നും സംവിധാനങ്ങളും ആശുപത്രികളിൽ ഉണ്ട് . വിശദമായ വാർത്താസമ്മേളനം നാളെ നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2 പേരാണ് മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ശുദ്ധജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.
ലക്ഷണങ്ങൾ : സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളായ പനി, തല വേദന, ഛർദ്ദി, കഴുത്തുവേദന, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ഈ രോഗത്തിനും ഉണ്ടാകുന്നത്.
പ്രതിരോധ മാർഗ്ഗങ്ങൾ
വൃത്തിയില്ലാത്ത കുളങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയിൽ കുളിക്കുന്നത് ഒഴിവാക്കുക.വെള്ളത്തിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറാതെ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ സാധിക്കും.