മലപ്പുറം :- കേന്ദ്ര റോഡ്-ഹൈവേ മന്ത്രാലയം പുറത്തുവിട്ട 2023-ലെ റോഡ് അപകട റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്ത് കേരളം. എന്നാൽ അപകടത്തിലെ മരണനിരക്കിൽ കേരളം ഏറെ സുരക്ഷിതമാണെന്ന് റിപ്പോർട്ട്. അപകട മരണനിരക്കിൽ ദേശീയ തലത്തിൽ കേരളം 17-ാം സ്ഥാനത്താണ്. 2023-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. 67,213 അപകടങ്ങളാണ് തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയത്, ഇത് ദേശീയ അപകടനിരക്കിന്റെ 13.9 ശതമാനമാണ്. മധ്യപ്രദേശ് രണ്ടാം സ്ഥാനത്തും, 48,010 അപകടങ്ങളുമായി കേരളം മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷം ഇത് 43,910 ആയിരുന്നു. റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണെങ്കിലും, മരണം ഒഴിവാക്കുന്നതിൽ കേരളത്തിലെ സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് റിപ്പോർട്ടിൽ. 2023-ൽ 4080 പേരാണ് കേരളത്തിൽ വാഹനാപകടങ്ങളിൽ മരിച്ചത്. ഇത് ദേശീയ തലത്തിൽ 17-ാം സ്ഥാനമാണ്.
എന്നാൽ, റോഡ് അപകട മരണനിരക്കിൽ ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഏഴ് നഗരങ്ങൾ ഇടംപിടിച്ചു. ഇതിൽ ഏറ്റവും മുന്നിൽ മലപ്പുറമാണ്. 2023-ൽ 309 അപകട മരണങ്ങളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത പത്ത് നഗരങ്ങളിൽ മലപ്പുറവും കൊച്ചിയും ഉൾപ്പെടുന്നു. 3253 അപകടങ്ങളാണ് മലപ്പുറത്ത് 2023-ൽ റിപ്പോർട്ട് ചെയ്തത്. 2803 അപകടങ്ങളുമായി കൊച്ചി പത്താം സ്ഥാനത്താണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്ത നഗരം ഡൽഹിയാണ്. അപകട മരണങ്ങളിൽ ഉത്തർപ്രദേശാണ് ഒന്നാമത്. 2023-ൽ 23,652 മരണങ്ങളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട് (18,347), മഹാരാഷ്ട്ര (15,366) എന്നിവ തൊട്ടുപിന്നിലുണ്ട്. രാജ്യവ്യാപകമായി 2023-ൽ 4,80,583 അപകടങ്ങളും 1,72,890 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് അപകടനിരക്കിൽ 4.2 ശതമാനവും മരണനിരക്കിൽ 2.6 ശതമാനവും വർധനവുണ്ടായി.