ഓണമെത്തി ; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും


തിരുവനന്തപുരം :- സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. സിനിമ താരങ്ങളായ രവി മോഹൻ, ബേസിൽ ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികൾ ആകും. ഈ മാസം ഒൻപതിന് ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനം കുറിക്കുക. മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 33 വേദികളിലായി വിവിധ പരിപാടികളാണ് അരങ്ങേറുന്നത്.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കനകക്കുന്നിൽ ഇന്നലെ നിർവ്വഹിച്ചു. കവടിയാർ മുതൽ മണക്കാട് വരെയാണ് വർണാഭമായ ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ ഓണാഘോഷത്തിന്റെ ഏറ്റവും ആകർഷകമായ കാഴ്‌യാണ് ദീപാലങ്കാരം. മുൻവർഷങ്ങളേക്കാൾ ആകർഷകവും വിപുലവുമായിട്ടാണ് ഇക്കുറി ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ പ്രധാന റോഡുകളും ജങ്ഷനുകളും സർക്കാർ മന്ദിരങ്ങളും ദീപാലങ്കാരത്തിന്റെ ഭാഗമാണ്.

Previous Post Next Post