ദില്ലി :- രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കം. ജിഎസ്‌ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കും. നിലവിലെ 4 സ്ലാബുകൾ രണ്ടാക്കി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതിയുടെ ശുപാർശ. സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ സംസ്ഥാനങ്ങൾ. ജിഎസ്ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിനാണ് ഇന്ന് ദില്ലിയിൽ തുടക്കമാവുക. നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടി കുറയ്ക്കുന്ന കാര്യം കൗൺസിൽ ചർച്ച ചെയ്യും.
ചെറിയ കാറുകൾ, സിമൻ്റ്, തുകൽ ഉൽപന്നങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്‌ടി കുറഞ്ഞേക്കും. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്‌ടി എടുത്തു കളയണമെന്ന നിർദേശവും കൗൺസിൽ പരിഗണിച്ചേക്കും. കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ വരുമാന നഷ്ടം നികത്താതെ തീരുമാനം എടുക്കരുതെന്ന് കൗൺസിൽ യോഗത്തിൽ വാദിക്കും. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതിഘടന അടിമുടി പൊളിച്ച് 90% നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും വിധം സമഗ്ര പരിഷ്‌കരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കുന്ന ശുപാർശകൾ യോഗം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ വൈകീട്ട് വാർത്താസമ്മേളനം നടത്തി യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ആണ് സാധ്യത. ദീപാവലി വിപണിയിൽ തന്നെ വിലക്കുറവ് ഉണ്ടാകണം എന്നതിനാൽ ഈ മാസം തന്നെ പുതിയ നികുതി സ്ലാബുകൾ പ്രാബല്യത്തിൽ വരുത്തും. അതേസമയം, കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന കേരളവും ബംഗാളും കർണാടകയും തമിഴ്‌നാടുമുൾപ്പെടെ സംസ്ഥാനങ്ങൾ പരിഷ്‌കരണത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ നികുതി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം വീണ്ടും കുറയും എന്നാണ് ആശങ്ക.