പാലക്കാട് :- പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂൾ മുറ്റത്ത് പ്രതിഷേധിക്കുന്നത്. അർജുന് നീതി കിട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. സംഭവത്തിൽ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപണം. ഒരു വിഭാഗം വിദ്യാർത്ഥികൾ അധ്യാപികയെ അനുകൂലിച്ചും രംഗത്തെത്തി.
ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് ഉയരുന്ന പരാതി. എന്നാൽ ആരോപണം നിഷേധിക്കുകയാണ് സ്കൂൾ. സംഭവത്തിൽ കുഴൽമന്ദം പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് കുടുംബം. കണ്ണാടി ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അർജുൻ. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് അർജുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്‌കൂൾ യൂണിഫോം പോലും മാറ്റാതെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തി. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.
എന്നാൽ സ്‌കൂൾ അധികൃതർ ആരോപണം നിഷേധിക്കുകയാണ് . കുട്ടിക്ക് വീട്ടിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് പ്രധാനാധ്യാപിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. കുട്ടി മരിക്കണമെന്ന് കരുതി ഒരു അധ്യാപികയും പറയില്ലെന്നും വിഷയത്തിൽ കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു.