തിരുവനന്തപുരം :- റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം. പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 20 വരെ സമർപ്പിക്കാം. അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ് എന്നിവ വഴി അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം(വെളള, നീല) റേഷൻ 3 കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സിവിൽ സപ്ലൈസ് വകുപ്പിന്റെ സിറ്റിസൺ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വീടിന്റെ തറ വിസ്‌തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025ലെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാരാണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ നൽകണം.