എയർഹോണുകൾ നശിപ്പിച്ച റോഡ് റോളറിന് കുരുക്ക് വീണു ; മോട്ടോർ വാഹന വകുപ്പിൻ്റെ നോട്ടീസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കണം


കൊച്ചി :- കൊച്ചി നഗരത്തിൽ എയർ ഹോണുകൾ കൂട്ടത്തോടെ നശിപ്പിച്ച റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇന്നലെ എയർ ഹോണുകൾ നശിപ്പിച്ചത്. ഇതിന് പിന്നാലെ എയർ ഹോൺ പൊളിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ ഇടപെടൽ ഉണ്ടായത്. ഈ റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുടെ നടപടിയെ ചാമക്കാല പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ. റോഡ് റോളറിന്റെ ഉടമയ്ക്ക് ഒരാഴ്‌ചയ്ക്കകം പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

കൊച്ചിയിൽ നടന്നത് വ്യാപക പരിശോധന

കൊച്ചിയിൽ ഇന്നലെ രാവിലെ മുതൽ വ്യാപക പരിശോധനയാണ് നടന്നത്. നിരവധി അന്തർ സംസ്ഥാന ബസുകളിൽ നിന്നടക്കം എയർഹോണുകൾ പിടിച്ചെടുത്തിരുന്നു. വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എയർഹോണുകൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക പരിശോധന നടത്തണമെന്നും പിടിച്ചെടുക്കുന്ന എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നുമായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിൻറെ നിർദേശം. ഈ നിർദേശം നടപ്പാക്കികൊണ്ടാണ് എംവിഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് കൊച്ചിയിൽ റോഡ് റോളർ ഉപയോഗിച്ച് എയർഹോണുകൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എയർഹോണുകൾക്കെതിരെ പരിശോധന നടന്നിരുന്നു. വ്യാപകമായി എയർഹോണുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Previous Post Next Post