ശബരിമല സ്വർണപ്പാളി വിവാദം ; പുതിയ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിക്കും


തിരുവനന്തപുരം :- ശബരിമല സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തീരുമാനമെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ വരുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി സ്പോൺസർഷിപ്പ് അനുവദിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇപ്പോഴത്തെ അനുഭവം ഒരു പാഠമാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. സ്പോൺസർമാരില്ലാതെ മുന്നോട്ട് - പോകാൻ കഴിയില്ല. എന്നാൽ, ഇനി സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിക്കുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി.ഓരോരുത്തരുടെയും പശ്ചാത്തലം വിജിലൻസ് ഇനിമുതൽ അന്വേഷിക്കും. 

കോടതി ഇന്നലെ പ്രഖ്യാപിച്ച അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു. തൻ്റെ ഭരണകാലം അടക്കം എല്ലാം അന്വേഷിക്കട്ടെ എന്നും പ്രശാന്ത്  കൂട്ടിച്ചേർത്തു. സ്വർണപ്പാളി വിവാദത്തിൽ 2019 ൽ ശബരിമലയുടെ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടി വന്നേക്കും. സസ്പെൻഷൻ നടപടി ഉണ്ടാകാനാണ് സാധ്യത. നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അന്നത്തെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സ‌ിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവരുടെ വീഴ്‌ചകളാണ് യോഗം ചർച്ച ചെയ്യുക. അന്നത്തെ തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.

Previous Post Next Post