ജലനിരപ്പ് ഉയർന്നു ; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പ‌ിൽവേ ഷട്ടറുകൾ തുറന്നു


ഇടുക്കി :- ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പ‌ിൽവേ ഷട്ടറുകൾ തുറന്നു. സ്പ‌ിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. സെക്കൻഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശങ്ങിൽ അതിശക്തമായ മഴ പെയ്ത‌തോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. രാവിലെ 137 അടിക്ക് മുകളിൽ ജലനിരപ്പ് എത്തിയിരുന്നു. ഇതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്. രാവിലെ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്‌നാട് അറിയിക്കുകയായിരുന്നു. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് നോക്കി ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കും. ഇതിനിടെ, ഇടുക്കി കല്ലാർ അണക്കെട്ടും തുറന്നു.

ഇടുക്കിയിൽ അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയിൽ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ‌ (9), ദയാൻ കൃഷ്ണ‌ (4), കൃഷ്‌ണ (1) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി കെട്ടിടത്തിലേക്കും മാറ്റി.

കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്ത്‌തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാർ, കക്കികവല ആറ്റിൽ വെള്ളം പൊങ്ങിയതിനെ തുടുർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇടുക്കി കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാഹനം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. എസ് ബി ഐ ബാങ്കിനു മുൻപിൽ നിർത്തിയിട്ടിരുന്ന ട്രാവലർ ആണ് ഒഴുകിപ്പോയത്. വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല.

Previous Post Next Post