ഗതാഗതനിയമങ്ങളും റോഡ് സുരക്ഷയും മുഖ്യം ; സ്‌കൂളുകളിൽ ഇനിമുതൽ റോഡ് സേഫ്റ്റി കേഡറ്റുകളും


തിരുവനന്തപുരം :- സ്റ്റുഡന്റ് പോലീസ് കെഡേറ്റ് മാതൃകയിൽ സ്കൂളുകളിൽ റോഡ് സേഫ്റ്റി കെഡേറ്റ് (ആർഎസ്‌സി) പദ്ധതി തുടങ്ങുന്നു. ഗതാഗതനിയമങ്ങൾ, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരിശീലനം നൽകി കുട്ടികളെ സുരക്ഷിത യാത്രയുടെ അംബാസഡർമാരാക്കുകയാണു ലക്ഷ്യം. ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം മാവേലിക്കര ജോയിന്റ് ആർടിഒയുടെ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയിരുന്നു. ആറുമാസത്തെ പരിശീലനത്തിനുശേഷം പദ്ധതി വിജയകരമാണെന്നു വ്യക്തമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് സംസ്ഥാനതലത്തിൽ നടപ്പാക്കുന്നത്. വിദ്യാഭ്യാസവകുപ്പുമായി ചേർന്നാണിത്. ഗ്രേസ് മാർക്ക് നൽകാനുള്ള ആലോചനയുമുണ്ട്.

നവവീഥി, നവസംസ്കാരം, നവകേരളം എന്നതാണ് റോഡ് സേഫ്റ്റി കെഡേറ്റിന്റെ മുദ്രാവാക്യം. സ്കൂളുകളിൽ പ്രാഥമിക പരിശോധന നടത്തി താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുകയാണ് ആദ്യഘട്ടം. ഒരു അധ്യയനവർഷം നീളുന്ന പരിശീലനത്തിന് സിലബസ് തയ്യാറാക്കും. റോഡുസുരക്ഷയ്ക്കു തന്നെയാണ് മുൻഗണന.. റോഡിൽ എങ്ങനെ പെരുമാറണം, ഗതാഗത തടസ്സം ഒഴിവാക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം പഠിപ്പിക്കും. ലഹരിവിരുദ്ധ പ്രചാരണം, സാമൂഹിക പ്രതിബദ്ധതയോടെയുള്ള മറ്റു പ്രവർത്തനങ്ങൾ എന്നിവയും ഉൾപ്പെടുത്തും.

മാവേലിക്കരയിലെ സ്കൂൾബസുകളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർ റോഡ് സേഫ്റ്റി കെഡേറ്റുമാരെയും ഒപ്പം കൂട്ടിയിരുന്നു. ബസുകളിൽ വേണ്ട സുരക്ഷാക്രമീകരണങ്ങൾ മനസ്സിലാക്കാൻ ഇതുവഴി സാധിച്ചു. സ്ഥിരമായി യാത്രചെയ്യുന്ന ബസിൽ സുരക്ഷാവീഴ്ചയുണ്ടായാൽ വേഗം കണ്ടെത്താനും ഉദ്യോഗസ്ഥരെ അറിയിക്കാനും കുട്ടികൾ പഠിച്ചു. സ്കൂളിന് മുൻപിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായി റോഡുമുറിച്ചു കടക്കാനും കെഡേറ്റുകൾ വഴിയൊരുക്കും. മാവേലിക്കര താലൂക്കിലെ കട്ടച്ചിറ ജോൺ ഓഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ യൂണിറ്റ് തുടങ്ങിയത്. ഇവർക്കുള്ള യൂണിഫോം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് രൂപകല്പന ചെയ്തത്.

Previous Post Next Post