തിരുവനന്തപുരം :- തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സർവ്വെയുമായി പിണറായി സർക്കാർ. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സർവെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിർവ്വഹിക്കും. രണ്ടാം തുടർ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സർക്കാർ. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സർക്കാർ * പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പിആർ സംവിധാനം പ്രാബല്യത്തിൽ വന്നത് അടുത്തിടെയാണ്. ഇതിന് പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സർവ്വേക്ക് ആളെ എത്തിക്കുന്നത്.
സർക്കാർ ചെയ്ക ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ഉദ്ദേശം. ഒപ്പം ഇനി സർക്കാർ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ രൂപീകരണവും നടത്തും. സാക്ഷരതാ സർവെ മാതൃകയിൽ കോളേജ് വിദ്യാർത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.
പരിശീലന നടപടികൾ പൂർത്തിയാക്കി സർക്കാർ പദ്ധതി എന്നനിലയിൽ തന്നെയാണ് ക്ഷേമ സർവ്വേയുടെ നടത്തിപ്പ് ചെലവ് ഏത് വകുപ്പിൽ നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് * അടുത്തിരിക്കെ ജനങ്ങളിലേക്ക് എത്താനും ജനഹിതം അറിയാനും സർക്കാർ ചെലവിലും അല്ലാതെയും പല പദ്ധതികൾ ഇടതുമുന്നണിക്കും സർക്കാരിനും ഉണ്ട്. ക്ഷേമ പ്രവർത്തനങ്ങളുടെ കണക്കെടുപ്പ് മാത്രമല്ല ഇടതുമുന്നണിയൊരുക്കുന്ന പ്രകടന പത്രികയിൽ വരെ സർവെയുടെ പ്രതിഫലനമുണ്ടാകും.