മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡ്:ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും

 



തിരുവനന്തപുരം:-ചൊറുക്കള - ബാവുപ്പറമ്പ് - മയ്യില്‍ - കോളോളം - മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ റവന്യൂ മന്ത്രി കെ രാജന്‍, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഭൂമി ഏറ്റെടുക്കല്‍ നടപടി അതിവേഗം പൂര്‍ത്തിയാക്കാനും ഒക്ടാബര്‍ 25 നകം സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനും യോഗം നിര്‍ദേശിച്ചു.

കിഫ്ബി ഫണ്ടില്‍നിന്നും റോഡിനുവേണ്ടി 73.9 കോടി രൂപ അനുവദിച്ചിരുന്നു. 1600 ഭൂവുടമകളുടെ ഏഴ് ഹെക്ടര്‍ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരിക. അതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായ 19(1) വിജ്ഞാപനമിറങ്ങുന്നതോടെ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകള്‍ പരിശോധന നടത്തി പണം ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കാനാകും.

സാങ്കേതികാനുമതി ലഭ്യമായാലുടന്‍ ടെണ്ടര്‍ നടപടികളിലേക്ക് കടന്ന് റോഡ് പണി ഉടന്‍ ആരംഭിക്കുമെന്നും തളിപ്പറമ്പ് മണ്ഡലത്തിലെതന്നെ വലിയ മാറ്റത്തിനാകും ഈ റോഡ് നവീകരണം സാക്ഷ്യവഹിക്കുകയെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. റോഡ് നിര്‍മാണത്തിനുള്ള 231 കോടി രൂപ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. ചൊറുക്കള സംസ്ഥാന പാതയില്‍നിന്ന് ആരംഭിക്കുന്ന റോഡ് 22.5 കിലോമീറ്ററിലാണ് നവീകരിക്കുക.   

കാസര്‍ഗോഡ് ജില്ലയിലെയും ആലക്കോട്, കുടിയാന്മല, ചപ്പാരപ്പടവ്, ചെറുപുഴ, പുളിങ്ങോം തുടങ്ങി മലയോരത്തുള്ളവര്‍ക്കും എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാവുന്ന വഴിയാണിത്. തളിപ്പറമ്പ് മണക്കടവ് കൂര്‍ഗ് റോഡില്‍നിന്ന് നവീകരണ പ്രവൃത്തി നടക്കുന്ന ഇ ടി സി - മഴൂര്‍ -പന്നിയൂര്‍ റോഡുവഴി കൊടിലേരി പാലം കടന്ന് എളുപ്പത്തില്‍ എയര്‍പോര്‍ട് ലിങ്ക് റോഡില്‍ പ്രവേശിക്കാം. പൂമംഗലം കൊടിലേരി പാലം പണിയും പൂര്‍ത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡ് പണിയും അവസാന ഘട്ടത്തിലാണ്. പ്രധാന തീര്‍ഥാടന വിനോദസഞ്ചാരകേന്ദ്രമായ പറശ്ശിനിക്കടവിലേക്കും ഇതുവഴി എളുപ്പത്തില്‍ എത്തിച്ചേരാം.

Previous Post Next Post