ന്യൂഡൽഹി :- കരസേനയിൽ പുതിയ ശാരീരികക്ഷമതാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു. അഗ്നിവീറുകൾ മുതൽ ഏറ്റവും മുതിർന്ന ഓഫിസർമാർ ഉൾപ്പെടെ എല്ലാവർക്കും ഇനി മുതൽ ശാരീരികക്ഷമതാ പരീക്ഷ നിർബന്ധമാക്കി. നിലവിൽ ബാറ്റിൽ എഫിഷ്യൻസി ടെസ്‌റ്റ് (ബിപിഇടി), ഫിസിക്കൽ പ്രൊഫിഷ്യൻസി ടെസ്റ്റ് (പിപിടി) എന്നിങ്ങനെ 2 പരിശോധനകളാണു കരസേനയിലുള്ളത്. ഇതു രണ്ടും ചേർത്ത് കംബൈൻഡ് ഫിസിക്കൽ ടെസ്‌റ്റ് (സിപിടി) എന്ന ഒറ്റ പരിശോധനയാക്കി. പുതിയ വ്യവസ്‌ഥകൾ അടുത്ത വർഷം ഏപ്രിൽ 1 മുതൽ നിലവിൽ വരും.
60 വയസ്സു വരെയുള്ള എല്ലാവർക്കും പുതിയ മാനദണ്ഡങ്ങൾ നിർബന്ധമാണ്. നിലവിൽ 45 വയസ്സു വരെയുള്ളവർക്കാണു ബിപിഇടി നടത്തുന്നത്. പ്രായം, ജെൻഡർ എന്നിവയുടെ അടിസ്‌ഥാനത്തിൽ പുതിയ മാനദണ്ഡത്തിൽ വിവിധ ഘട്ടങ്ങൾ തയാറാക്കിയിട്ടുണ്ട്. നിശ്ചിത മാർക്കു നേടിയില്ലെങ്കിൽ ഇതു വാർഷിക കോൺഫിഡൻഷ്യൻ റിപ്പോർട്ട്, സ്ഥാനക്കയറ്റം എന്നിവയെ ബാധിക്കും.
പുതിയ മാനദണ്ഡങ്ങൾ
50-60 വയസ്സ് പരിധിയിലുള്ള ഓഫിസർമാർ 3.2 കിലോമീറ്റർ വേഗത്തിൽ നടത്തം. നിശ്ചിത എണ്ണം സിറ്റപ്പ്, പുഷപ്പ്. 45-50 വയസ്സുള്ളവർ 3.2 കിലോമീറ്റർ ഓട്ടം, സിറ്റപ്പ്, പുഷപ്പ്. 45 വയസ്സിനു താഴെ 3.2 കിലോമീറ്റർ ഓട്ടം, സിറ്റപ്പ്. പുഷപ്പ്, വെർട്ടിക്കൽ റോപ്പ് ക്ലൈംബിങ്. 55-60 പ്രായപരിധിയിലുള്ള ഓഫിസർമാരുടെ പരിശോധന സ്വയം നടത്തണം. 55 വയസ്സുവരെയുള്ളവർക്കു അവർക്കു മുകളിലുള്ള മുതിർന്ന ഓഫിസർമാർ പരിശോധന നടത്തണം.