പത്തനംതിട്ട:- മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതല്‍ പുലര്‍ച്ചെ മൂന്നിന് തുടങ്ങി പകല്‍ ഒന്ന് വരെയും മൂന്നിന് തുടങ്ങി രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദര്‍ശനസമയം.
ഓണ്‍ലൈനായി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് റദ്ദായാല്‍ സ്ലോട്ടുകള്‍ തത്സമയ ബുക്കിങ്ങിന് മാറ്റും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്ക് മുൻപ് നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി.
മണ്ഡലപൂജയ്ക്ക് ശേഷം ഡിസംബര്‍ 27ന് രാത്രി പത്തിന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 20ന് അടയ്ക്കും. മകരവിളക്ക് ജനുവരി 14നാണ്. വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. നേരിട്ട് ടിക്കറ്റ് എടുത്ത് വഴിപാടുകള്‍ നടത്താനും സൗകര്യമുണ്ട്.
