ദില്ലി :- ഹോംവർക്ക് ചെയ്യാത്തതിന് നാലുവയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. ഛത്തീസ്ഗഡിലെ സൂരജ് പൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ഹോംവർക്ക് പൂർത്തിയാക്കാത്തതിനാണ് എൽകെജി വിദ്യാർത്ഥിയെ രണ്ട് അധ്യാപകർ ചേർന്ന് മരത്തിൽ കെട്ടിത്തൂക്കിയത്. രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്‌തതായി സ്‌കൂൾ മാനേജർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയർ ഉപയോഗിച്ച് കെട്ടി മരത്തിന്റെ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതും അധ്യാപകരെ സസ്പെൻ്റ് ചെയ്തും. സ്കൂൾ പരിസരത്ത് തന്നെയുള്ള ഒരു മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്. സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.
