ചീമേനി :- ചപ്പാത്തി- ബിരിയാണി വിൽപനയിലൂടെ ചീമേനി തുറന്ന ജയിൽ സ്വന്തമാക്കിയത് 22 കോടി രൂപയുടെ വരുമാനം. ഇതിൽ 3 കോടി രൂപ ലാഭമായി ജയിലിന് ലഭിച്ചു. ഇതിന് പുറമേ ജയിലിലെ കൃഷി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങൾ ജയിലിന്റെ ഭക്ഷ്യ സുരക്ഷയും ഉറപ്പ് വരുത്തുകയാണ്. 2013ൽ തുടക്കം കുറിച്ച ഭക്ഷ്യ യൂണിറ്റ് 12 വർഷം പിന്നിടുമ്പോഴാണ് ഈ മുന്നേറ്റം. ചപ്പാത്തിയും ബിരിയാണിയുമാണ് ഭക്ഷ്യ യൂണിറ്റിലെ പ്രധാന വിഭവങ്ങൾ. ഇതിന് പുറമേ കൃഷിയും പ്രധാന വരുമാന മാർഗമായി മാറിയിരിക്കുകയാണ്. ജയിൽ ആവശ്യത്തിനുള്ള പച്ചക്കറികൾക്കായി കൂടുതലും ആശ്രയിക്കുന്നത് ജയിൽ കൃഷിയെ തന്നെയാണ്.
ജയിൽ കവാടത്തിന് സമീപത്ത് 2017ൽ ലഘു ഭക്ഷണശാല ആരംഭിച്ചതോടെയാണ് വരുമാനം വർധിച്ചത്. ഭക്ഷ്യയൂണിറ്റിൽ നിന്നു മാത്രം 22 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതിൽ മൂന്ന് കോടി ലാഭം ലഭിച്ചപ്പോൾ അതിൽ രണ്ട് കോടി രൂപ സർക്കാരിലേക്കും അടച്ചു. ചിക്കൻ ബിരിയാണി, ചപ്പാത്തി എന്നിവയ്ക്ക് പുറമേ ചായയും പലഹാരങ്ങളും ഇവിടെ ഉണ്ട്. 70 രൂപയ്ക്ക് ബിരിയാണിയും മൂന്ന് രൂപയ്ക്കു ചപ്പാത്തിയും കിട്ടും. ജയിൽ ഫാമുകളിലെ കോഴിയെ തന്നെയാണ് ഇറച്ചിക്കായി ഉപയോഗിക്കുന്നത്. ആവശ്യം കഴിഞ്ഞുള്ള കോഴികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു നൽകുകയാണ് ചെയ്യുന്നത്.
