മലപ്പട്ടം :- മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി, സംസ്ഥാന ടൂറിസം വകുപ്പിൻ്റെയും തളിപ്പറമ്പ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലിൻ്റെയും സഹകരണത്തോടെ, മയ്യിൽ ചെക്ക്യാട്ടുകാവിലെ 'സൂൺ കാറ്ററിംഗ് & ഇവന്റസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന 'മലപ്പട്ടം ഫെസ്റ്റ്' ഡിസംബർ 29, 30, 31 തീയതികളിൽ മലപ്പട്ടം കൊവുന്തല പാർക്കിലെ സൂൺ ഊരകം വില്ലേജ് റിട്രീറ്റിൽ നടക്കും. മലപ്പട്ടം മുനമ്പ് - കൊവുന്തല പാർക്കുകളുടെ നടത്തിപ്പ് 'ഹോട്ടൽ സൂൺ കാറ്ററിംഗ് &ഇവൻ്റ്സ് ' ഏറ്റെടുത്തതിൻ്റെ ഭാഗമായാണ് ഇവിടെ 'മലപ്പട്ടം ഫെസ്റ്റ് 'സംഘടിപ്പിക്കുന്നത്.
ഡിസംബർ 29 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സിനിമാനടൻ ജഗദീഷ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേളയുടെ ഉദ്ഘാടനം ഷെഫ് നളനും കവിയരങ്ങിൻ്റെ ഉദ്ഘാടനം കവി മുരുകൻ കാട്ടാക്കടയും നിർവ്വഹിക്കും. തുടർന്ന് കളരിപ്പയറ്റ് പ്രദർശനവും, ചിത്രഗീതം, നൃത്തം, വിളക്കാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
ഡിസംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഊരക സായാഹ്നം, നടനും അവതാരകനുമായ ജയരാജ് വാര്യർ അവതരിപ്പിക്കുന്ന ക്യാരിക്കേച്ചർ ഷോ, കോൽക്കളി' നാടൻപാട്ട്, മാർഗ്ഗംകളി എന്നിവ അരങ്ങേറും.
ഡിസംബർ 31 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സായാഹ്നം, സംഗീത വിരുന്ന്, ഒപ്പന, തിരുവാതിരക്കളി, കളരിപ്പയറ്റ് പ്രദർശനം, ഡി.ജെ, ചൈനീസ് വർണ്ണ വിസ്മയക്കാഴ്ച്ച എന്നിവയും നടക്കും. സാമൂഹ്യ-സാംസ്കാരിക- സേവന മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളെ ഫെസ്റ്റിൻ്റെ ഭാഗമായി ഹോട്ടൽ സൂൺ ആദരിക്കും. മൂന്ന് ദിവസവും സൂണിൻ്റെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളയുണ്ടാകും.
