ശബരിമല :- 41 ദിവസം നീണ്ട മണ്ഡലകാലത്ത് സന്നിധാനത്ത് എത്തി ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 30.01 ലക്ഷം മാത്രം. കഴിഞ്ഞ വർഷം ഇതേ ദിവസം 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തി. ഇത്തവണ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് നവംബർ 19ന്. അന്ന് 1,02,299 പേർ ദർശനം നടത്തി. ഏറ്റവും കുറവ് ഈമാസം 12 നും അന്ന് ആകെ എത്തിയത് 49,738 പേർ മാത്രം. ഇത്തവണ തീർഥാടകർ കുറയാൻ പ്രധാന കാരണം വെർച്വൽ ക്യൂവിലും സ്പോട് ബുക്കിങ്ങിലും കൊണ്ടുവന്ന കർശന നിയന്ത്രണമാണ്. വെർച്വൽ ക്യു പ്രതിദിനം 70,000 മാത്രമായിരുന്നു. വെർച്വൽ ക്യൂ ബുക്കുചെയ്യാൻ നോക്കുമ്പോൾ ജനുവരി 10 വരെ ബുക്കിങ് കഴിഞ്ഞതാ യാണ് കാണിക്കുന്നത്. അതിനു പുറമേ സ്പോട് ബുക്കിങ് 5000 മാത്രമാക്കി കുറച്ചു.
കഴിഞ്ഞ വർഷം തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ദിവസം 50,000, മണ്ഡലപൂജ ദിവസം 60,000 പേർക്കും വെർച്വൽ ക്യൂ അനുവദിച്ചിരുന്നു. അതേസമയം തങ്കഅങ്കി സന്നിധാനത്ത് എത്തിയ ഇന്നലെ 30,000 പേർക്കും മണ്ഡലപൂജ ദിവസമായ ഇന്ന് 35,000 പേർക്കും മാത്രമാണ് വെർച്വൽ ക്യൂ നൽകിയത്. കഴിഞ്ഞ വർഷം സ്പോട് ബുക്കിങ് 5000 അനുവദിച്ച സ്ഥാനത്ത് ഇത്തവണ 2000 മാത്രമാക്കിയും കുറച്ചു. മണ്ഡലകാല തീർഥാടന ത്തിനു സമാപനം കുറിച്ച് ഇന്ന് രാത്രി 10ന് മേൽശാന്തി അയ്യപ്പ സ്വാമിയെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി നട അടയ്ക്കും. മകരവിളക്കു തീർഥാടനത്തിനായി പിന്നെ ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും. മകരവിളക്ക് ജനുവരി 14 ന്.
