കണ്ണൂർ :- തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പ്രശ്നസാധ്യത ബൂത്തുകളുള്ള ജില്ലയിൽ സുരക്ഷയ്ക്കായി കൂടുതൽ സേനയെ വിന്യസിക്കും. സംസ്ഥാനത്ത് 2513 പ്രശ്നബാധിത ബൂത്തുകളിൽ 1025 എണ്ണവും ജില്ലയിലാണ്. ദ്രുതകർമ സേന (ആർഎഎഫ്), സിആർപിഎഫ്, ഐആർബി ഓപ്പറേഷൻസ് ഉൾപ്പെടെ 3200 സേനാംഗങ്ങൾ ജില്ലയിലെത്തി. കൂടാതെ സിറ്റി പോലീസ് പരിധിയിൽ 2500 ഉം റൂറലിൽ 2600 ഉം പോലീസുകാരെയും വിന്ന്യസിപ്പിച്ചിട്ടുണ്ട്. കണ്ണൂരുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ കർശന പരിശോധന തുടങ്ങി. പോളിങ് നടക്കുന്ന സ്ഥലങ്ങളിൽ പോലീസ് ഗ്രൂപ്പ് പട്രോളിങ് നടത്തും.
സിറ്റി പോലീസിനു കീഴിൽ 602 ബൂത്തുകളും റൂറൽ പോലീസിനുകീഴിൽ 423 പ്രശ്നസാധ്യത ബൂത്തുകളുമാണുള്ളത്. ഇതിൽ അതീവ പ്രശ്ന സാധ്യത ബൂത്തുകൾ പ്രത്യേകം നിരീക്ഷിക്കും. പ്രശ്നങ്ങളുണ്ടാകുന്ന ബൂത്തുകളിലും പരിസരങ്ങളിലും വീഡിയോ ചിത്രീകരിക്കും. കുറ്റക്കാരെ കണ്ടത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമാണ് വീഡിയോ ചിത്രീകരിക്കുന്നത്. പ്രശ്നസാധ്യത ബൂത്തുകളിലെല്ലാം വെബ് കാസ്റ്റിങ് സംവിധാനം കെൽട്രോൺ മുഖേന നടപ്പാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ദിവസം യാതൊരു പ്രശ്നവുമുണ്ടാകാ തിരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കൂട്ടംകൂടി നിന്ന് തടസ്സമുണ്ടാക്കിയാൽ നടപടി
ബൂത്തുകളിൽ എന്തെങ്കിലും അസാധാരണ നടപടി ഉണ്ടായാൽ ഉടൻതന്നെ കമ്മിഷൻ ഇടപെട്ട് നടപടി സ്വീകരിക്കും. ബൂത്തിനുളളിൽ അതിക്രമിച്ചുകയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ പോലീസ്, എക്സൈസ്, ബിഎസ്എൻഎൽ, ഐകെഎം, മോട്ടോർവാഹന വകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് നിരീക്ഷണം നടത്തുന്നത്. F16
വോട്ടെടുപ്പ് കർശന നിരീക്ഷണത്തിൽ
പ്രശ്നസാധ്യതാ ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണമായും സംസ്ഥാന തി രഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായി രിക്കും. ഇതോടൊപ്പം കളക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകളിലും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയ ലൈവ് വെബ്‌കാസ്റ്റിങ്ങിലൂടെ നിരീക്ഷിക്കും. സിറ്റി പോലീസ് കമ്മിഷണർ, ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് നിരീക്ഷണം. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഒരു വാർഡിലെ പോളിങ് സ്റ്റേഷനിൽ പോളിങ് ഏജന്റായി നിയമിക്കപ്പെടുന്ന ആൾ ആ വാർഡിലെ വോട്ടർ ആയിരിക്കണമെന്ന് നിർബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
