ന്യൂഡൽഹി :- ഇന്ത്യയിലെ പെട്രോൾ പമ്പുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ ശൃംഖല ശക്തിപ്പെടുത്തിയതും ഗ്രാമീണമേഖലയിൽ കൂടുതൽ പമ്പുകൾ സ്ഥാപിച്ചതുമാണ് കുതിച്ചുചാട്ടത്തിനു പിന്നിൽ. വാഹന ഉപയോഗത്തിലെ വൻ വർധന പെട്രോൾ പമ്പുകൾക്ക് ഊർജമേകി. നവംബറിലെ കണക്കനുസരിച്ച് ഇന്ത്യയിലെ പമ്പുകളുടെ എണ്ണം 1,00,266 ആണ്. ഇതോടെ പെട്രോൾ പമ്പുകളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതെത്തി. യുഎസും ചൈനയുമാണ് ആദ്യസ്ഥാനങ്ങളിൽ.
രാജ്യത്തെ പമ്പുകളിൽ 90 ശതമാനത്തിലധികവും ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്. റഷ്യയിലെ റോസ്നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനർജി ലിമിറ്റഡാണ് സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ശൃംഖല. 6,921 ഔട്ലെറ്റുകൾ. തൊട്ടുപിന്നിൽ റിലയൻസിൻ്റെ ജിയോബിപി. 2,114 പമ്പുകൾ. 2015-ൽ 50,451 പമ്പുകളാണ് രാജ്യത്തുണ്ടായിരുന്നത്.
