ശബരിമല :- തങ്കയങ്കിയണിഞ്ഞ അയ്യപ്പസ്വാമിയുടെ ദിവ്യരൂപം ഭക്തർക്ക് സുകൃത ദർശനമായി. വെള്ളിയാഴ്ച സന്ധ്യയ്ക്കാണ് ശബരിമലയിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടന്നത്. ദിവ്യദർശനത്തിന് അകമ്പടിയായി സന്നിധാനത്ത് കർപ്പൂര നാളങ്ങളും പ്രഭ ചൊരിഞ്ഞു. ശരണഘോഷം നിറഞ്ഞ പൂങ്കാവനം ആ പൊൻപ്രഭ എറ്റുവാങ്ങി. ശനിയാഴ്ച തങ്കയങ്കി ചാർത്തി മണ്ഡലപൂജ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയാണ്, മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയുമായി ഘോഷയാത്ര ശബരിമലയിലെത്തിയത്.
കൊടിമരച്ചുവട്ടിൽ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ, അംഗങ്ങളായ പി.ഡി സന്തോഷ് കുമാർ, കെ.രാജു, ദേവസ്വം കമ്മിഷണർ ബി.സുനിൽ കുമാർ, ദേവസ്വം സെക്രട്ടറി പി.എൻ ഗണേശ്വരൻ പോറ്റി, ചീഫ് എൻജിനിയർ രഞ്ജിത് കെ.ശേഖർ, എഡിജിപി എസ്. ശ്രീജിത്ത് എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് തങ്കയങ്കി ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടർന്ന് തങ്കയങ്കി അയ്യപ്പനെ അണിയിച്ച് ദീപാരാധന നടന്നു.
ശനിയാഴ്ച രാവിലെ 10.10-നും 11.30-നും ഇടയിലാണ് ഈ വർഷത്തെ മണ്ഡലപൂജ. ശനിയാഴ്ച ഹരിവരാസനത്തിനുശേഷം രാത്രി പത്തിന് നട അടയ്ക്കുന്നതോടെ മണ്ഡല ഉത്സവത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30-ന് ശബരിമല നട വീണ്ടും തുറക്കും. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചതാണ് തങ്കയങ്കി. ചൊവ്വാഴ്ച രാവിലെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പമ്പയിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ തങ്കയങ്കി ഘോഷയാത്രയെ സ്വീകരിച്ചു.
