കൂപ്പുകുത്തി രൂപ ; ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ


ദില്ലി :- ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.43 എന്ന നിലയിലെത്തി. ഇന്നലെ 18 പൈസയുടെ ഇടിവിന് ശേഷം 90.14 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ മൂല്യം ഇടിയുന്നത് എന്തുകൊണ്ട് ?

രൂപയുടെ മൂല്യം 90 കടന്നതോടെ, കൂടുതൽ നഷ്ടം ഒഴിവാക്കാൻ ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിടുക്കം കാട്ടിയതായി ബാങ്കുകൾ റിപ്പോർട്ട് ചെയ്തു. കറ്റുമതിക്കാരാണെങ്കിൽ രൂപ കൂടുതൽ ദുർബലമാകുന്നത് നോക്കി മികച്ച നിരക്കുകൾ നേടാനാകുമെന്നും പ്രതീക്ഷിച്ച് മടിച്ചുനിൽക്കുകയാണ്.രൂപ 90 എന്ന ചരിതരത്തിലെ ഏറ്റവും വലിയ ഇടിവിലെത്തിയത് ഇന്നലെയാണ്.ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതിയില്ലാത്തത് രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഒരു നിശ്ചിത നിലവാരത്തിന് മുകളിൽ 2-3 ദിവസം നിലനിന്നാൽ, അത് പുതിയ മാനദണ്ഡമായി മാറുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ‌ാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

അതായത് 90 എന്നത് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്ന നിലവാരമാണെങ്കിൽ ഇനി അത് രു സാധാരണ നിലവാരമായി മാറിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് ഡോളർ സൂചിക സ്ഥിരതയുള്ളതാണെങ്കിലും രൂപയുടെ മൂല്യം ഇടിയുന്നു, ഇത് കാണിക്കുന്നത് ഇന്ത്യയുടെ സ്വന്തം സാമ്പത്തിക ഘടകങ്ങളാണ്, പ്രത്യേകിച്ച് ഡോളറിനുള്ള ആവശ്യകത വർദ്ധിക്കുന്നതാണ് ഈ ബലഹീനതയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും വിദേശ നിക്ഷേപം ദുർബലമാകുന്നതും രൂപയെ തളർത്തുന്നുണ്ട്. ആർബിഐ ഇടപെട്ടില്ലെങ്കിൽ, കമ്പനികൾ സാധാരണ ഡോളർ വാങ്ങുന്നത് പോലും രൂപയെ താഴേക്ക് തള്ളിവിടുന്ന ഒരു സാഹചര്യം ഉണ്ടാക്കിയേക്കുമെന്ന് മദൻ സബ്നാവിസ് പറഞ്ഞു.

Previous Post Next Post