കേന്ദ്രമന്ത്രിമാർ എത്തിയില്ല ; രാജ്യസഭ നിർത്തിവെച്ച് ഉപരാഷ്ട്രപതി


ദില്ലി :- കേന്ദ്രമന്ത്രിമാർ ആരും സഭയിലെത്താത്തതിനാൽ ഇന്ന് രാജ്യസഭ രാവിലെ തടസപ്പെട്ടു. പാർലമെന്ററി ആക്രമണത്തിൻ്റെ ഓർമ്മ പുതുക്കി, ആദരാഞ്ജലികൾ അർപ്പിച്ചതിന് പിന്നാലെ സഭ ചട്ടപ്രകാരമുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിമാർ ആരും സഭയിൽ എത്തിയില്ലെന്ന് വ്യക്തമായത്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഉപരാഷ്ട്രപതി ഒരു സഹമന്ത്രിയോട് കാബിനറ്റ് പദവിയുള്ള മന്ത്രിയോട് സഭയിലെത്താൻ പറയാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം കാബിനറ്റ് മന്ത്രിയില്ലാതെ സഭാ നടപടി ചേരാൻ പാടില്ലെന്ന് ആവശ്യപ്പെട്ടതോടെ സഭനിർത്തിവച്ചു.

വിഷയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്യുമെന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ എംപിമാർ ഇതിൽ തൃപ്‌തരായില്ല. ഒരു കാബിനറ്റ് മന്ത്രി ഹാജരാകുന്നതുവരെ സഭാ നടപടികൾ നിർത്തിവയ്ക്കണമെന്ന് അവർ നിർബന്ധിച്ചു. കാബിനറ്റ് മന്ത്രി സഭയിലെത്താത്തത് സഭയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് കൂടിയായ ജയറാം രമേശ് കുറ്റപ്പെടുത്തി.

നിർത്തിവച്ച സഭ പിന്നീട് ചേർന്നപ്പോൾ കേന്ദ്രമന്ത്രി കിരൺ റിജിജു, ജെപി നദ്ദ, നിർമല സീതാരാമൻ എന്നിവർ സഭയിലെത്തിയിരുന്നു. കാബിനറ്റ് അംഗങ്ങൾ ആരും ആദ്യം സഭയിലെത്താതിരുന്നതിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഖേദം പ്രകടിപ്പിച്ചു. മുൻ സ്‌പീക്കറും മുൻ ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ വിയോഗത്തിൽ അനുശോചനം ലോക്സഭയിൽ നടക്കുന്നതിനാലാണ് ആരും എത്താതിരുന്നതെന്നും മന്ത്രിമാർ എല്ലാവരും അവിടെ ഉണ്ടാകണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശിവരാജ് പാട്ടീൽ രാജ്യസഭാംഗമായിരുന്നുവെന്ന് ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി രാജ്യസഭയും അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിലും മറ്റൊരു ദിവസം അനുശോചനം രേഖപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ സഭനടപടികൾ പുനരാരംഭിച്ചു.

Previous Post Next Post