മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് ആശങ്ക വേണ്ട ; ഉളുക്കും പേശിവലിവും കാര്യമാക്കേണ്ട, സന്നിധാനത്ത് സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റിന്റെ പ്രവർത്തനം സജീവം


ശബരിമല :- കിലോമീറ്ററുകളോളം മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്കായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റിന്റെ പ്രവർത്തനം സജീവമായി തുടരുന്നു. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്. ഭക്തർക്ക് ശരീരം ഉളുക്കോ പേശി വലിവോ മറ്റോ അനുഭവപ്പെട്ടാൽ ഇവിടേയ്ക്ക് വന്നാൽ മതി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും (ഐഎപി) പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും (പിആർപിസി) സംയുക്തമായി നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർത്ഥാടകർക്ക് വേദനസംഹാരിയാകുന്നന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി സന്നിധാനത്ത് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്. ദേശീയ ആരോഗ്യ ദൗത്യം, ഐഎപി, പിആർപിസി എന്നിവിടങ്ങളിലെ ഫിസിയോതെറാപ്പിസ്റ്റുകളുമാണ് ഊഴം വെച്ച് യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നത്. നവംബർ 24 നാണ് സൗജന്യ ഫിസിയോതെറാപ്പി സേവനം തുടങ്ങിയത്. ദിവസം ശരാശരി 100 ലധികം അയ്യപ്പന്മാർക്ക് സേവനം നൽകുന്നു.

നടുവേദന, കാൽമുട്ട് വേദന, പേശിവലിവ്, ഉളുക്ക് എന്നിവയ്ക്ക് പരിഹാരമായി സ്പോർട്‌സ് ഫിസിയോതെറാപ്പി, മാനുവൽ തെറാപ്പി, മറ്റു വ്യായാമങ്ങൾ എന്നിവ വഴി പെട്ടെന്ന് വേദന കുറയ്ക്കാൻ കഴിയുന്നുണ്ട്. മണ്ഡലം മഹോത്സവം അവസാനിക്കുന്നത് വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സേവനം ലഭ്യമാകും. ആരോഗ്യവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

Previous Post Next Post