വളപട്ടണം :- വളപട്ടണം സഹകരണ ബാങ്കിന് സമീപം കക്കുളങ്ങര പള്ളിക്ക് മുന്നിലുള്ള തപാൽവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിരവധി കുടുംബങ്ങളുടെ വഴിതടഞ്ഞ് മതിൽ കെട്ടാനുള്ള തപാൽ വകുപ്പിന്റെ നീക്കം ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തി. ബുധൻ രാവിലെ പോലീസ് അകമ്പടിയോടെ മതിൽ കെട്ടാൻ തപാൽ വകുപ്പ് അധികൃതർ എത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. മതിൽ വരുന്നതോടെ പ്രദേശത്തെ ഇരുപതോളം വീട്ടുകാരുടെ വഴി പൂർണമായും തടസ്സപ്പെടും. വീട്ടുകാരുടെ സഞ്ചാര സ്വാതന്ത്യം നിഷേധിച്ച് മതിൽകെട്ടാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തതോടെ വാക്കു തർക്കമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കെ.വി സുമേഷ് എംഎൽഎ തപാൽ വകുപ്പ് ജില്ലാ സുപ്രണ്ട് പി.കെ മോഹനൻ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
മതിൽ കെട്ടൽ നിർത്തി വെക്കാനാകില്ലെന്ന് ഉദ്യോസ്ഥർ പറഞ്ഞു. വഴിതടസ്സപ്പെട്ടാലും മതിൽ നിർമിക്കുമെന്ന കടുംപിടിത്തത്തിലായിരുന്നു തപാൽ വകുപ്പ് ഉദ്യോഗസ്ഥർ. എന്തുവന്നാലും ജനങ്ങൾക്ക് വഴിനൽകാതെ മതിൽ നിർമിക്കാൻ അനുവദിക്കില്ലെന്ന് കെ.വി സുമേഷ് എംഎൽഎ കർശന നിലപാട് സ്വീകരിച്ചതോടെ തപാൽ വകുപ്പ് അധികൃതർ നിർമാണം നിർത്തിവയ്ക്കാൻ നിർബന്ധിതരായി. വഴി തടസ്സപ്പെടാത്ത സ്ഥലങ്ങളിൽ ജോലി തുടരാമെന്നും തർക്കമുള്ള ഭാഗത്ത് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നും ധാരണയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി ഷക്കീൽ, വി.കെ.സി ജംഷീറ, സി.വി നൗഷാദ്, എ.ടി സഹീർ, പി.എം ഫൗസിയ എന്നിവരും എംഎൽഎക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.
