ബെംഗളൂരുവിലെ മലയാളികൾക്ക് സന്തോഷവാർത്ത ; വോട്ട് ചെയ്യാൻ മൂന്ന് ദിവസം അവധി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി


ബെംഗളൂരു :- കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സംസ്ഥാനത്തെ തൊഴിലുടമകളോട് ബുധനാഴ്ച അഭ്യർത്ഥിച്ചു. കേരളത്തിൽ ഡിസംബർ 9, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ശിവകുമാർ, കേരളത്തിൽ നിന്നുള്ള നിരവധി ആളുകൾ ബെംഗളൂരുവിലും മറ്റ് കർണാടക ജില്ലകളിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. അവരുടെ ജനാധിപത്യപരമായ അവകാശത്തെ പിന്തുണ‌യ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കരാറുകാർ, നിർമ്മാണ സ്ഥാപനങ്ങൾ, ബിൽഡർമാർ, കടയുടമകൾ, മറ്റ് ബിസിനസ്സ് ഓപ്പറേറ്റർമാർ എന്നിവർ യോഗ്യരായ വോട്ടർമാർക്ക് കുറഞ്ഞത് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഈ നടപടി വഴി, കർണാടകയിലെ ആയിരക്കണക്കിന് കേരളീയരായ തൊഴിലാളികൾക്കും ജീവനക്കാർക്കും സാമ്പത്തിക ഭാരമോ വേതനം നഷ്ട്‌ടപ്പെടുന്നതോ ഇല്ലാതെ നാട്ടിലേക്ക് പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്ന് ശിവകുമാർ പറഞ്ഞു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനും എല്ലാ തൊഴിലുടമകളുടെയും പൂർണ്ണ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

വോട്ടെടുപ്പ് ദിവസം കേരളത്തിൽ അവധി

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Post Next Post