ദില്ലി :- സൗദി അറേബ്യയിലെ മദീന വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന വിമാനം അഹമ്മദാബാദിൽ അടിയന്തിരമായി ഇറക്കി. യാത്രക്കാരുമായി വന്ന ഇന്റിഗോ വിമാനമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഇറക്കിയത്. എന്താണ് പ്രതിസന്ധിയെന്നടക്കം സംഭവത്തിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. വിമാനക്കമ്പനി വൻ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കൊണ്ടുവന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) നിയമങ്ങളാണ് ഇന്റിഗോയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. നിയമപ്രകാരം സർവീസുകൾ പൂർത്തിയാക്കാൻ ആവശ്യമായത്ര അംഗബലം ഇല്ലാത്തതാണ് പ്രതിസന്ധിയായത്.
ജീവനക്കാരെ പുനഃക്രമീകരിക്കാൻ കമ്പനിക്ക് സാധിക്കാതെ വന്നതോടെ ദേശീയ-അന്തർദേശീയ സർവീസുകൾ റദ്ദാക്കേണ്ടി വന്നു. വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. ഇതിപ്പോഴും തുടരുന്നു. യാത്രക്കാരെല്ലാം പ്രതിസന്ധി മൂലം വലഞ്ഞിട്ടുണ്ട്. ഇത് മൂലം കമ്പനിയുടെ ഓഹരി നഷ്‌ടവും ഉണ്ടായി. ഇതിനെല്ലാം ഇടയിലാണ് വിമാനം അടിയന്തിരമായി അഹമ്മദാബാദിൽ തിരിച്ചിറക്കിയ സംഭവവും പുറത്തുവരുന്നത്. വിമാനക്കമ്പനിയോ വിമാനത്താവളം അധികൃതരോ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനത്തിൽ എത്ര യാത്രക്കാരും എത്ര ജീവനക്കാരും ഉണ്ടായിരുന്നു എന്നതും വ്യക്തമല്ല.
