ഇന്ത്യൻ നാവികസേനയ്ക്ക് പുതുതായി 65 കപ്പലുകളും 9 അന്തർവാഹിനികളും ; നിർമിക്കാൻ അംഗീകാരമായെന്ന് വൈസ് അഡ്മിറൽ


തിരുവനന്തപുരം :- ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി പുതിയ തായി 65 കപ്പലുകളും 9 അന്തർവാഹിനികളും നിർമിക്കാൻ തത്വത്തിൽ അംഗീകാരമായെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന. ഈ അംഗീകാരത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയാൽ കരാർ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ശംഖുമുഖത്ത് ഇന്നത്തെ നാവികസേനാ ദിനാഘോഷത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 51 കപ്പലുകളുടെ നിർമാണം വിവിധ ശാലകളിൽ പുരോഗമിക്കുന്നു. 40 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ഇപ്പോൾ യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്യുന്നു.

ഐഎൻഎസ് വിക്രാന്തിനു വേണ്ടി റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നടപടി പൂർത്തിയായി. മൂന്നു സേനകളെയും യോജിപ്പിക്കുന്ന തിയറ്റർ കമാൻഡ് രൂപീകരണത്തിന് ന്യൂഡൽഹിയിൽ ചർച്ച നടക്കുന്നുണ്ട്. തിരുവനന്തപുരം മുട്ടത്തറയിൽ നേവിക്കു സ്വന്തമായി ഓഫിസും ഉദ്യോഗസ്ഥരുടെ താമസ സൗകര്യവും ഒരുക്കാൻ ഒന്നര വർഷം മുൻപ് സംസ്ഥാന സർക്കാർ അനുവദിച്ച 4 ഏക്കറിൽ നിർമാണം ഉടൻ ആരംഭിക്കും. റിയർ അഡ്മിറൽ ഉപൽ കുണ്ഡു, ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള തുടങ്ങിയവരും വിശദീകരണത്തിൽ പങ്കെടുത്തു.

Previous Post Next Post