ന്യൂഡൽഹി :- ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് രണ്ടുപൈസ വരെ റെയിൽവേ കൂട്ടി. 215 കിലോമീറ്ററിന് മുകളിലുള്ള സാധാരണ ടിക്കറ്റിന് കിലോമീറ്ററിന് ഒരു പൈസ വീതവും മെയിൽ-എക്സ്പ്രസ് ട്രെയിനുകളുടെ നോൺ എ.സി ക്ലാസിനും എല്ലാ ട്രെയിനുകളുടെ എ.സി ക്ലാസിനും രണ്ടു പൈസ വീതവും കൂട്ടി. 500 കിലോമീറ്റർ യാത്രയിൽ 50 രൂപയാവും വർധന. പുതുക്കിയനിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും.
കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റിന് 65 രൂപ വരെ വർധിക്കാം. സബർബൻ ട്രെയിനുകളിലും പ്രതിമാസ സീസൺ ടിക്കറ്റിലും മാറ്റമില്ല. റെയിൽവേക്ക് 600 കോടി രൂപ അധികവരുമാനം ലഭിക്കും. ജൂലായിൽ വരുത്തിയ നിരക്ക് വർധനയിലൂടെ 700 കോടി അധികവരുമാനം ലഭിച്ചു. റെയിൽവേ വികസനത്തിനനുസരിച്ച് ചെലവുകളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് ടിക്കറ്റ് നിരക്ക് വധനയെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. റെയിൽവേയുടെ മനുഷ്യവിഭവചെലവ് 1,15,000 കോടിയായി. പെൻഷൻ ചെലവ് 60,000 കോടിയും. 2024-25 കാലത്തെ മൊത്തം ചെലവ് 2.63 ലക്ഷം കോടിയായിരുന്നു.
