മുംബൈ :- മൊബൈൽ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാംസ്ഥാനത്തേക്കുയർന്ന് ഇന്ത്യ. ആഗോള ഇലക്ട്രോണിക്സ് ഉത്പാദനകേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതിനുള്ള പദ്ധതിയിലെ നിർണായക നാഴികക്കല്ലാണിതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആഗോള സ്മാർട്ട്ഫോൺ കമ്പനികളായ ആപ്പിൾ, സാംസങ് എന്നിവ ഇന്ത്യയിൽ ഉത്പാദനം വലിയതോതിൽ വിപുലമാക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ സ്മാർട്ട്ഫോണുകൾക്കുള്ള ഘടകങ്ങളുടെ നിർമാണവും കൂടുതലായി വന്നുകൊണ്ടിരിക്കുന്നു.
2014-15 സാമ്പത്തികവർഷം രണ്ട് മൊബൈൽ ഉത്പാദന യൂണിറ്റുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. ഇപ്പോഴിത് 300 എണ്ണമായി ഉയർന്നു. ആഭ്യന്തരവിപണിയിൽ വിൽക്കുന്ന മൊബൈൽ. ഹാൻഡ് സെറ്റുകളിൽ 99 ശതമാനം.വരെ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതാണിപ്പോൾ. 2014-ൽ 0.18 ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത്. ഇപ്പോഴിത് 5.5 ലക്ഷം കോടിയിലേക്കെത്തി. കയറ്റുമതി 0.01 ലക്ഷം കോടിയിൽ നിന്ന് രണ്ടു ലക്ഷം കോടി രൂപയായും ഉയർന്നിട്ടുണ്ട്.
11 വർഷത്തിനിടെ രാജ്യത്ത് ഇലക്ട്രോണിക്സ് ഉത്പന്ന ഉത്പാദനത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉത്പാദനം ആറുമടങ്ങിനടുത്ത് വളർച്ച നേടി. 2014-15 സാമ്പത്തികവർ ഷം 1.9 ലക്ഷം കോടിയുടെ ഉത്പാദനമാണ് നടന്നിരു ന്നത്. 2024-25 -ലിത് 11.3 ലക്ഷം കോടിയിലേക്കെത്തി. ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ എട്ടുമടങ്ങാണ് വളർച്ച. ഇക്കാലത്ത് കയറ്റുമതി 0.38 ലക്ഷം കോടിയിൽ നിന്ന് 3.3 ലക്ഷം കോടി രൂപയായി ഉയർന്നു. ആപ്പിൾ ഐഫോണുകളാണ് ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ വലിയപങ്കും സ്വന്തമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാവിഷ്കരിച്ച ഉത്പാദന അനുബന്ധയിളവ് പദ്ധതിയാണ് നേട്ടത്തിനു പിന്നിലെന്നും മന്ത്രി അവകാശപ്പെട്ടു. ഇതുവരെ പിഎൽഐ പദ്ധതി പ്രകാരം 13,475 കോടി രൂപയുടെ നിക്ഷേപം നടന്നു. 9.8 ലക്ഷം കോടി രൂപയുടെ ഉത്പാദനമാണ് ഇതുവഴി നടന്നത്. 25 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു
