CBI ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് ശ്രമം ; തട്ടിപ്പ് പൊളിച്ചടുക്കി സൈബർ ക്രൈം പോലീസ്


കണ്ണൂർ :- സിബിഐ ഉദ്യോഗസ്‌ഥരെന്ന വ്യാജേന വിഡിയോ കോൾ നടത്തി ഡോക്‌ടർ ദമ്പതികളിൽ നിന്നു പണം തട്ടാൻ നടത്തിയ ശ്രമം കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ ഇടപെടലിലൂടെ പരാജയപ്പെട്ടു. ഡോക്‌ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നതായി പറഞ്ഞാണ് തട്ടിപ്പിനു ശ്രമിച്ചത്. വീഡിയോകോളിലെത്തിയ വ്യക്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നാണു പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥനെന്നു പറഞ്ഞു വിഡിയോ കോളിലെത്തി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു.

അക്കൗണ്ടിലുള്ള പണം സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക് ഉടൻ മാറ്റണമെന്നും ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് ദമ്പതികൾ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും പൊലീസ് നൽകിയ നിർദേശങ്ങളനുസരിച്ച് സംസാരിക്കുകയുമായിരുന്നു. ഇതോടെ തട്ടിപ്പു സംഘം കോൾ കട്ടുചെയ്തു.

ജാഗ്രത വേണം 

വ്യാജ കോളുകളോട് അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് അറിയിച്ചു. സർക്കാർ ഏജൻസികൾ ഒരിക്കലും വിഡിയോ കോളിലൂടെ ബാങ്ക് വിവരങ്ങളോ ഒടിപിയോ ആവശ്യപ്പെടില്ല. ഇത്തരം ആവശ്യങ്ങൾ വന്നാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പറിലോ സമീപത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്നും നിർദേശിച്ചു.

Previous Post Next Post