കൊച്ചി :- കേരളത്തിൽ നിന്നുള്ള ഐടി കയറ്റുമതി വരുമാനം 25,000 കോടി രൂപയും കടന്നു കുതിക്കുന്നു. കേരളത്തിലെ മൂന്നു സർക്കാർ ഐടി പാർക്കുകൾ ചേർന്നു 2024 - 25 സാമ്പത്തിക വർഷം നേടിയത് 26,765 കോടി രൂപ. രാജ്യത്തെ തന്നെ ആദ്യ ഐടി പാർക്കെന്ന ഖ്യാതിയുള്ള തിരുവനന്തപുരം ടെക്നോപാർക്കാണ് വരുമാനത്തിൽ മുന്നിൽ. 14,575 കോടി രൂപ. അതിവേഗം വികസിക്കുന്ന കൊച്ചി ഇൻഫോ പാർക്കിന്റെ വരുമാനം 12,060 കോടി. പാർക്കുകളിൽ ഏറ്റവും ഒടുവിൽ സ്ഥാപിക്കപ്പെട്ട കോഴിക്കോട് സൈബർ പാർക്കിന്റെ കയറ്റുമതി 130 കോടിയാണ്.
കയറ്റുമതി വരുമാനം 5 വർഷത്തിനിടെ ഏകദേശം ഇരട്ടിയാക്കിർധിപ്പിച്ചാണു വമ്പൻ നേട്ടത്തിലേക്ക് ഇൻഫോപാർക്ക് ലോഗിൻ ചെയ്തത്. 2020 - 21 ൽ 6,310 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം 12,060 കോടിയിലേയ്ക്കാണു കുതിച്ചു കയറിയത്. ഇൻ ഫോപാർക്കിന്റെ ഒന്നും രണ്ടും ഫെയ്സുകളിലും കൊരട്ടി, ചേർത്തല സാറ്റലൈറ്റ് ക്യാംപസുകളിലുമായി ജോലി ചെയ്യുന്നത് 73,500 പ്രഫഷനലുകൾ. സൗത്ത് മെട്രോ സ്റ്റേഷനിൽ പുതുതായി ആരംഭിച്ച കോ വർക്കിങ് സ്പേസ് ആയ 'ഐ ബൈ ഇൻഫോ പാർക്ക്' ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഐ ബൈ ഇൻഫോ പാർക്കിലാണു സോഹോ പോലുള്ള കമ്പനികൾ ചേക്കേറിയത്. എല്ലാ ക്യാംപസുകളിലുമായി 582 കമ്പനികളാണു പ്രവർത്തിക്കുന്നത്. മൊത്തം 92.68 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ്.
