കോട്ടക്കുന്ന് നഷണൽഹൈവേക്ക് എൻട്രി എക്സിറ്റി പോയിന്റുകൾ, ആവിശ്യമായ സർവ്വീസ് റോഡ് നിർമ്മിക്കാൻ അംഗികാരം



കണ്ണൂർ:- ദേശീയപാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോട്ടക്കുന്ന് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അപകട സാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റി ജില്ലാകളക്ടർ അരുൺ കെ.വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അഴീക്കോട് മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങളിൽ കെ.വി. സുമേഷ് എം.എൽ.എയുടെ ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.അഴീക്കോട്‌ മണ്ഡലത്തിലെ കോട്ടക്കുന്ന് ഭാഗത്തെ അപകടസാധ്യത ഒഴിവാക്കാൻ വയാഡക്ട് സ്പാനുകൾ ദീർഘിപ്പിക്കണമെന്ന നിർദ്ദേശത്തിന്മേൽ മണ്ണ് പരിശോധനയും പഠനവും നടത്തി ശാശ്വത പരിഹാരം കാണുമെന്ന് എൻ.എച്.എ.ഐ  ഉറപ്പുനൽകി. കൂടാതെ, പുതിയതെരു മേഖലയിലുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കാൻ കാട്ടാമ്പള്ളി-മയ്യിൽ റോഡിൽ എൻട്രി,എക്സിറ്റ് പോയിന്റുകൾ അനുവദിക്കണമെന്ന ആവശ്യപ്രകാരം, അധികമായി സർവ്വീസ് റോഡ് നിർമ്മിക്കാൻ അംഗീകാരം നൽകിയതായും പ്രവേശന സൗകര്യം സാങ്കേതികമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

തലശ്ശേരി-മാഹി ബൈപ്പാസിലെ കൊളശ്ശേരി ടോൾ ബൂത്ത് അടിയന്തരമായി മാറ്റണമെന്ന ഷാഫി പറമ്പിൽ എം.പിയുടെ നിർദ്ദേശത്തിന് മറുപടിയായി, റോഡ് പണി പൂർത്തിയാകുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. അഴിയൂർ റീച്ചിലെ പ്രവൃത്തികൾ നിലവിൽ പുരോഗമിക്കുകയാണെന്നും, അവിടെ ടോൾ പ്ലാസയുടെ നിർമ്മാണം പൂർത്തിയായാലുടൻ കൊളശ്ശേരിയിലെ ബൂത്ത് മാറ്റുമെന്നും എൻ എച്ച് എ ഐ റിപ്പോർട്ട് ചെയ്തു.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ചെമ്പിലോട് പഞ്ചായത്തിലെ ചാലത്തോടിൻ്റെ   വീതി കുറച്ച് കെട്ടിയതിനാൽ  മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്ന സാഹചര്യം ചുണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ എടുത്ത കേസിൽ 200 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും സ്ഥലമേറ്റെടുത്ത് കനാൽ നിർമിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന്  ദേശീയപാത അധികൃതർ അറിയിച്ചു. ഫെബ്രുവരി മാസത്തിൽ പൂർത്തീകർക്കാൻ നിർദ്ദേശിച്ചിട്ടുള്ള റോഡുകളുടെ  നിർമാണം സമയബന്ധിതമായി തന്നെ  പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം യോഗത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജില്ലാ വികസന സമിതി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. 

വളപട്ടണത്ത്  പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ സ്ഥലത്തിലൂടെ കടന്നുപോകുന്ന വഴി അടച്ച് മതിൽ കെട്ടുന്നതിനുള്ള തീരുമാനം പുന:പരിശോദിക്കണമെന്ന കെ സുധാകരൻ  എം പിയുടെ നിർദ്ദേശത്തേതുടർന്ന്  വേണ്ട നടപടി സ്വീകരിക്കാൻ തളിപ്പറമ്പ് ആർ ഡി ഒ യ്ക്ക്  നിർദ്ദേശം നൽകി. കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഡീസൽ ചോർന്ന് സമീപത്തുള്ള കിണറുകൾ മലിനമാക്കുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ  അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തേതുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ യോഗത്തിൽ അറിയിച്ചു. 

ജലജീവൻ പദ്ധതിയുടെ കാലതാമസം പരിഗണിച്ച് എസ്‌.സി, എസ്‌.ടി കോളനികളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന അഡ്വ. സജീവ് ജോസഫ് എം.എൽ.എയുടെ നിർദ്ദേശത്തിന്മേൽ വിവിധ വകുപ്പുകൾ നടപടി ആരംഭിച്ചു. ആറളം പുനരധിവാസ മേഖലയിലെ എടപ്പുഴ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ 45 ലക്ഷം രൂപ അനുവദിച്ചതായും അംബേദ്കർ നഗറിൽ പുതിയ വാട്ടർ ടാങ്ക് സ്ഥാപിക്കുമെന്നും ഐ.ടി.ഡി.പി അറിയിച്ചു. പയ്യാവൂർ, ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ, ഭൂപ്രകൃതി കാരണം പദ്ധതി പ്രായോഗികമല്ലാത്ത ലോവർ ചീക്കാട് ഭാഗത്ത് പ്രാദേശിക സ്രോതസ്സ് ഉപയോഗിച്ച് പരിഹാരം കാണാൻ നിർദ്ദേശിച്ചു. അയ്യങ്കുന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളിലെ പദ്ധതികൾക്കായി കിഫ്ബി മുഖേനയുള്ള ഉൽപ്പാദന ഘടകങ്ങൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റിയും റിപ്പോർട്ട് ചെയ്തു. കതിരൂർ വില്ലേജ് ഓഫീസിൽ  കെട്ടിട നമ്പർ കിട്ടിയാലുടൻ വാട്ടർ കണക്ഷൻ ലഭ്യമാക്കുമെന്ന് കേരള വാട്ടർ അതോറിറ്റി എക്സികുട്ടിവ്   എഞ്ചിനിയർ വികസന സമിതി യോഗത്തിൽ അറിയിച്ചു. 

റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാൻ സൈൻ ബോർഡുകളും ഡിവൈഡറുകളും സ്ഥാപിക്കുന്ന നടപടി ആരംഭിച്ചതായി പി.ഡബ്ല്യു.ഡി അറിയിച്ചു. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് സ്കൂൾ പരിസരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നുണ്ടെന്നും, പോലീസിന്റെയും ആർ.ടി.ഒയുടെയും റിപ്പോർട്ട് പ്രകാരം അപകടമേഖലകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മതിയായ വീതിയുള്ള റോഡുകളിൽ ഡിവൈഡറുകളും സജ്ജമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അഡ്വ. സജീവ് ജോസഫ് എം.എൽ.എയാണ് ഇക്കാര്യങ്ങൾ ജില്ലാ വികസനസമിതി യോഗത്തിൽ ഉന്നയിച്ചത്. 

നിയോജക മണ്ഡലങ്ങളിൽ ഐസൊലേഷൻ വാർഡുകൾ ഉടൻ സജ്ജമാക്കണമെന്ന അഡ്വ. സജീവ് ജോസഫ് എം.എൽ.എയുടെ നിർദ്ദേശത്തിന്മേൽ, സിവിൽ പ്രവൃത്തികൾ പൂർത്തിയായ പഴയങ്ങാടി, ഒടുവള്ളിത്തട്ട് എന്നിവിടങ്ങളിൽ വൈദ്യുതി-ജല കണക്ഷനുകൾ ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി ഡി.എം.ഒ അറിയിച്ചു. കണക്ഷനുകൾ ലഭിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളാണ് പ്രവർത്തനം തുടങ്ങാൻ വൈകുന്നതെന്നും ഇക്കാര്യം കെ.എം.എസ്.സി.എല്ലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തു.


 എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ ഒരുക്കുന്ന പദ്ധതി വേഗത്തിലാക്കുന്നതിന്  ആവശ്യമായ തുടർനിർദ്ദേശങ്ങൾ നൽകുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ റിപ്പോർട്ട് ചെയ്തു. അധ്യയന വർഷാരംഭത്തിൽ തന്നെ പ്രൊപ്പോസൽ നൽകിയിട്ടും പദ്ധതി അനന്തമായി നീളുന്നതിൽ കെ.പി. മോഹനൻ എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തിൽ നടപടികൾ ആവശ്യപ്പെട്ടിരുന്നു.

ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗകുടുംബങ്ങൾക്ക്  പ്രധാന യാത്രാമാർഗമായ തീരായം പാലം നിർമ്മാണത്തിനായി 5.65 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായി ഐ ടി ഡി പി റിപ്പോർട്ട്‌ ചെയ്തു. തൃപ്രങ്ങോട്ടുർ, പാട്യം പഞ്ചായത്തുകളിലെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി സംബന്ധിച്ച്  എല്ലാ പഞ്ചായത്തുകളും ഡിപിആർ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു.  എയ്യൻകല്ല് അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതിയുടെ നിർവഹണ ഏജൻസിയായി ചെറുപുഴ ഗ്രാമപഞ്ചായത്തിനെ നിശ്ചയിക്കുന്നതിനായി  ബന്ധപ്പെട്ട ഓഫീസിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടൻ  നടപടികൾ സ്വീകരിക്കുമെന്നും  ഐ ടി ഡി പി ഓഫീസർ അറിയിച്ചു.

പാനൂർ താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനത്തിന്റെ ഭാഗമായി 10.86 കോടി രൂപ കിഫ്ബി സാമ്പത്തിക അനുമതി നൽകിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഡിസൈൻ എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുകയും ഭൂമിയെറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ   ആരംഭിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം യോഗത്തിൽ അറിയിച്ചു. മനസ്സോടെ ഇത്തിരി മണ്ണ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നായി 390 സെന്റ് ഭൂമി ഓഫർ ലഭ്യമായതിൽ 255 സെന്റ് ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചതായി ലൈഫ് മിഷൻ അറിയിച്ചു. 

പഴയ പെരിങ്ങത്തൂർ വില്ലേജ് ഓഫീസ് പൊളിച്ചുമാറ്റി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തീ കരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് കെ.പി.മോഹനൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലുമായി ഉയർന്ന പ്രദേശങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ ജലവിഭവ  വകുപ്പും, റവന്യൂ വകുപ്പും,തദ്ദേശ സ്വയംഭരണ  വകുപ്പും ഏകോപിപ്പിച്ചുകൊണ്ട് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ മുൻകൂട്ടി സ്വീകരിക്കുകയും കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടം മുൻകയ്യെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കെ.പി.മോഹനൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ജില്ലാ  പ്ലാനിങ് ഓഫീസർ നിനോജ് മേപ്പടിയത്ത് എന്നിവർ പങ്കെടുത്തു

Previous Post Next Post