ചെന്നൈ :- ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.
പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല. കട്ടിളപാളി സ്‌മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം വ്യക്തമാക്കി. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാം കേസിൽ സാക്ഷിയാകും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കും. ഇന്നലെ സുധീഷ് കുമാറിന്റെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സുധീഷ് കുമാർ പ്രതിയാണ്. രണ്ട് കേസുകളിലും ഒരേ ദിവസമായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥനെന്ന നിലയിൽ ബോർഡിന്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിയുടെ വാദം. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിലെ ഒന്നാം പ്രതിയായ ഉണ്ണി കൃഷ്‌ണൻ പോറ്റി കട്ടിളപ്പാളി കേസിൽ ഉടൻ സ്വാഭാവിക ജാമ്യത്തിന് നീക്കം നടത്തും.
