കണ്ണൂർ:-തദ്ദേശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലും ഫെബ്രുവരി 14, 15 തീയതികളിൽ ക്ലീനിങ് ഡ്രൈവ് നടത്തും. ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്റെ സാന്നിധ്യത്തിൽ നടന്ന തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനം. വാർഡ് അടിസ്ഥാനത്തിൽ ഉത്സവ സ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രധാനപ്പെട്ട ടൗണുകൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണം നടത്തണം. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ ഡ്രൈവിന് നേതൃത്വം നൽകണം.
പൊതുഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടന്നുവരുന്നുണ്ടെങ്കിലും പൊതുഇടങ്ങളിൽ വലിച്ചെറിയുന്ന പ്രവണതയ്ക്ക് ഗണ്യമായ മാറ്റമില്ലാത്ത സാഹചര്യമുണ്ട്. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നയും തുടരുന്നുണ്ട്. ഇതിനെതിരെ നടപടികൾ സ്വീകരിക്കണം. ബോട്ടിൽ ബൂത്തുകളും എംസിഎഫ് സംവിധാനങ്ങളും ഫലപ്രദമായി വിനിയോഗിക്കണം. മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിയെ ഏൽപ്പിക്കണം. ടേക്ക് എ ബ്രേക്ക് പദ്ധതിയും ഫലപ്രദമായി നടത്തണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷം, എബിസി സെന്റർ, പാലിയേറ്റീവ് കെയർ എന്നീ വിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ ബിനോയ് കുര്യൻ നിർദ്ദേശിച്ചു. സോളാർ ഹാങ്ങിങ് ഫെൻസിംഗ് പ്രവൃത്തി പൂർത്തീകരിച്ച പഞ്ചായത്തുകളിൽ അറ്റകുറ്റപ്പണിക്ക് ജനകീയ ഇടപെടലിലൂടെ കൃത്യമായ സംവിധാനം ഒരുക്കണം. തെരുവുനായ ശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ എബിസി സെന്ററുകൾ തുടങ്ങണം. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടില്ല എങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കണം. തെരുവു നായ്ക്കളെ പിടികൂടാൻ നിയോഗിച്ചവരുടെ സേവനം പഞ്ചായത്തുകൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കാടു പിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ വെട്ടിത്തെളിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. തദ്ദേശസ്ഥാപന പരിധിയിൽ തോക്ക് ലൈസൻസ് ഉള്ള വ്യക്തികളുടെ ലിസ്റ്റ് തയ്യാറാക്കി ഫോറസ്റ്റ് വകുപ്പിന് നൽകണമെന്നും കലക്ടർ നിർദേശിച്ചു. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വളണ്ടിയർമാരുടെ എണ്ണം കുറവായതിനാൽ കൂടുതൽ വളണ്ടിയർമാരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.
കലക്ട്റേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, തദ്ദേശസ്വയം ഭരണസ്ഥാപന അധ്യക്ഷൻമാർ, പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
