സ്‌കൂളുകളിൽ പച്ചക്കറി-പോഷകത്തോട്ടങ്ങൾ തയ്യാറാക്കും ; ആദ്യഘട്ടത്തിൽ ഒരുങ്ങുക 4500 വിദ്യാലയങ്ങളിൽ


കൊല്ലം :- വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താത്പര്യം വളർത്താനും അവരെ നല്ല ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്താനുമായി സ്കൂളുകളിൽ പച്ചക്കറി-പോഷകത്തോട്ടങ്ങൾ നിർമിക്കുന്നു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി 4500 വിദ്യാലയങ്ങളിൽ തോട്ടങ്ങൾ ഒരുക്കുന്നത്. ഒരു ജില്ലയിൽ 300 വിദ്യാലയങ്ങളിൽ തോട്ടങ്ങൾ ഒരുക്കും. പത്തു സെന്റ് കൃഷിയിടമുള്ള വിദ്യാലയങ്ങളെ പദ്ധതിയുടെ ഭാഗമാക്കും. കൂടുതൽ സ്ഥലമുള്ളിടത്ത് 50 സെൻ്റിൽ വരെ തോട്ടം തയ്യാറാക്കാൻ അനുമതി നൽകും. മാവ്, ചാമ്പ, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, ഇഞ്ചി തുടങ്ങിയവയാണ് നടുന്നത്. തോട്ടമൊരുക്കാൻ ആവശ്യമായ വിത്തും തൈകളും മിഷൻ സൗജന്യമായി വിതരണം ചെയ്യും. തൈ നടാനും പരിപാലിക്കാനും വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായം തേടും. 

ഗ്രീൻ കെഡേറ്റ് കോർ ഉൾപ്പെടെയുള്ള വിദ്യാർഥി ക്ലബ്ബുകളുടെ സഹകരണവും ഉറപ്പാക്കും. ഫലവൃക്ഷങ്ങൾ വളർന്നുവരുമ്പോൾ തോട്ടങ്ങളെ പാർക്കുകളാക്കി മാറ്റി, കുട്ടികൾക്ക് മാനസികോല്ലാസത്തിനും അവസരമൊരുക്കും. കൃഷിയോട് താത്പര്യമുള്ള കുട്ടികളുടെ കൂട്ടായ്മ വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. കുട്ടികൾക്ക് കൂടുതൽ സാമൂഹിക ഇടപെടലിനുള്ള അവസരവും തോട്ടനിർമാണം, പരിപാലനം എന്നിവ വഴി ലഭിക്കുമെന്ന് മിഷൻ ഡയറക്ടർ സജി ജോൺ പറഞ്ഞു. ഹോർട്ടികൾച്ചർ മിഷനും കൃഷി വകുപ്പും യോജിച്ചാണ് പദ്ധതി നിർവഹണത്തിനുള്ള തുക കണ്ടെത്തുന്നത്.

Previous Post Next Post