സംസ്ഥാനത്തെ ITI കളിൽ AI ലാബുകൾ ഒരുങ്ങുന്നു


പാലക്കാട് :- നിർമിതബുദ്ധിയിലും ഡേറ്റാ സയൻസിലും സമഗ്ര പഠനസൗകര്യമൊരുക്കാൻ സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ആധുനിക എ.ഐ ലാബുകളൊരുക്കുന്നു. ഇതിനായി വ്യവസായ പരിശീലന വകുപ്പും നാഷണൽ പ്രോഗ്രാം ഓഫ് എ.ഐ.യും (എൻ.എ.പി.ഐ) ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാനത്തെ 23 ഗവ. ഐ.ടി.ഐകളിലാണ് എ.ഐ ലാബുകൾ സജ്ജീകരിക്കുന്നത് .മലമ്പുഴ ഗവ. ഐ.ടി.ഐയെയാണ് പാലക്കാട് ജില്ലയിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ആര്യനാട്, കഴക്കൂട്ടം (തിരുവനന്തപുരം), നിലമ്പൂർ, അരീക്കോട് (മലപ്പുറം), വടകര, കൊയിലാണ്ടി (കോക്കോട്), കല്പറ്റ (വയനാട്), കൂത്തുപറമ്പ്, കണ്ണൂർ (കണ്ണൂർ), കയ്യൂർ (കാസർഗോഡ്), ചാലക്കുടി, ദേശമംഗലം (തൃശ്ശൂർ), കളമശ്ശേരി, മരട് (എറണാകുളം), കട്ടപ്പന (ഇടുക്കി), പുളിക്കത്തോട്, ഏറ്റുമാനൂർ (കോട്ടയം), ചെങ്ങന്നൂർ (ആലപ്പുഴ), ചെന്നീർക്കര (പത്തനംതിട്ട), കൊല്ലം, ചാത്തന്നൂർ (കൊല്ലം) എന്നീ ഐ.ടി.ഐകളും പട്ടികയിലുണ്ട്. കഴക്കൂട്ടം, കൊല്ലം, കളമശ്ശേരി, ചാലക്കുടി, കണ്ണൂർ എന്നിവ വനിതാ ഐ.ടി.ഐകളാണ്.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലെ ഇന്ത്യാ എ.ഐ കമ്പനിയുടെ സഹകരണത്തോടെയാണ് ലാബുകൾ സജ്ജീകരിക്കുക. ഒരു ലാബിന് 68.98 ലക്ഷം രൂപയാണ് ചെലവ്.നൂതന ഐ.ടി. ഉപകരണങ്ങൾ, സോഫ്റ്റ് വേർ, എ.ഐ പരിശീലകൻ, ലാബ് ടെക്നീഷ്യൻ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യവസായപരിശീലന വകുപ്പ് ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു. ഒരു സ്ഥാപനത്തിൽ 240 വിദ്യാർഥികളെന്ന തോതിൽ സംസ്ഥാനത്ത് 5520 പേർക്കാണ് വർഷംതോറും പരിശീലന സൗകര്യം ലഭിക്കുക. ഡേറ്റാ അനോട്ടേഷൻ, ഡേറ്റാക്യൂറേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി, ഡേറ്റാസൻസ് ആൻഡ് അനാലിസിസ് തുടങ്ങിയ കോഴ്‌സുകളാണുണ്ടാവുക. 

നോഡൽ ഓഫീസറായി വ്യവസായ പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടറെ നിയമിച്ചു. ലാബുകളൊരുക്കുന്ന തിനും കോഴ്സുകൾ ആരംഭിക്കുന്നതിനുമുള്ള തുക ഘട്ടംഘട്ടമായി നാലുമാസത്തിനുള്ളിൽ നോഡൽ ഓഫീസർക്ക് കൈമാറുമെന്ന് ഇന്ത്യാ എ.ഐ അധികൃതർ വ്യക്തമാക്കി. എ.ഐ വിദഗ്ധർ, വ്യവസായമേഖലയിലുള്ള സാങ്കേതിക പ്രവർത്തകർ എന്നിവരുമായി സഹകരിച്ചാവും പാഠ്യപദ്ധതി തയ്യാറാക്കുക. എ.ഐ രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ, ടെക് കമ്പനികൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണ വുമുണ്ടാവും.

Previous Post Next Post