കടലിൽ രക്ഷാദൗത്യത്തിന് 'കേരളത്തിന്റെ സൈന്യം' ഒരുങ്ങുന്നു ; പരിശീലനം പൂർത്തിയാക്കുന്നത് 900 മത്സ്യത്തൊഴിലാളികൾ


പനാജി :- പ്രളയകാലത്ത് കേരളത്തിൻ്റെ രക്ഷകരായ മത്സ്യത്തൊഴിലാളികൾ കടലിൽ രക്ഷാദൗത്യ പരിശീലനം നേടി നാടിന് കാവലാകാനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൻ്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളാണ് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സിൽ (എൻ.ഐ.ഡബ്ല്യു.എസ്) 15 ദിവസത്തെ പരിശീലനം പൂർത്തീകരിക്കുന്നത്. പ്രളയശേഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം നൽകാനുള്ള പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് എൻ.ഐ.ഡബ്ല്യു.എസിന്റെ സഹകരണത്തോടെ നടപ്പാക്കി വരുന്നത്.

24 ബാച്ചുകളിലായി 900 മത്സ്യത്തൊഴിലാളികൾക്കാണ് കടലിൽ രക്ഷാപ്രവർത്തന പരിശീലനം നൽകുന്നത്. ഇതിനകം 866 പേർ പരിശീലനം പൂർത്തീകരിച്ച് മടങ്ങി. രണ്ട് ബാച്ചുകളായി അവസാന ബാച്ചിൻ്റെ പരിശീലനം അഞ്ചുദിവസത്തിനകം പൂർത്തിയാകും. കടലിൽ അകപ്പെട്ടവരെ എങ്ങനെ രക്ഷിക്കാമെന്ന പരിശീലനമാണ് പ്രധാനമായും നൽകുന്നത്. അതിൽ വെള്ളത്തിൽ വീണ് മരിച്ചവർ, അബോധാവസ്ഥയിലുള്ളവർ, ബോധമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽപ്പെടുന്നവരെ എങ്ങനെ രക്ഷിക്കണമെന്ന പരിശീലനമാണ് ഇവിടെ നടക്കുന്നത്.

ഇതിനായി എത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് സ്റ്റൈപ്പന്റായി ദിവസം 700 രൂപ ഫിഷറീസ് വകുപ്പ് നൽകുന്നുണ്ട്. ഇതുൾപ്പെടെ ഇവരുടെ പരിശീലന കാലയളവിൽ ഒരാൾക്ക് 50,000 രൂപ വരെ ചെലവ് വരുന്നുണ്ട്. അതും ഫിഷറീസ് വകുപ്പ് തന്നെയാണ് വഹിക്കുന്നത്.ഇതിനോടകം പരിശീലനം പൂർത്തിയാക്കി മടങ്ങിയ മത്സ്യത്തൊഴിലാളികൾ നിരവധി രക്ഷാപ്രവർത്തനം നടത്തിയതായി മുഖ്യ പരിശീലകൻ എൻ.മുരുഗേശൻ പറഞ്ഞു. ആർ.നിതിനാണ് സഹപരിശീലകൻ. വാട്ടർ സ്പോർട്‌സ് രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനായതായി ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്‌സ് നോഡൽ ഓഫീസർ പവൻ കുമാർ ഗുപ്ത പറഞ്ഞു.

Previous Post Next Post