കണ്ണൂർ :- രാജ്യത്ത് ഏറ്റവുമധികം കുടവയറുള്ളവർ കേരളത്തിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇന്ത്യ ഡയബെറ്റിസും സംയുക്തമായി നടത്തിയ 12 വർഷത്തെ പഠനത്തിലാണ് കണ്ടെത്തൽ. സർവേ പ്രകാരം കേരളത്തിലെ 58.2 ശതമാനം പേർക്കും കുടവയറുണ്ട്. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കണക്കിൽ 57.2 ശതമാനമായി പഞ്ചാബ് രണ്ടാം സ്ഥാന ത്തും 56.9 ശതമാനമായി ഹരിയാന മൂന്നാംസ്ഥാനത്തുമാണ്.
അമിതവണ്ണത്തിലും കേരളം പുറകിലല്ല. 45.9 ശതമാനത്തോടെ പുതുച്ചേരി ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോൾ തൊട്ടുപിന്നിൽ കേരളമുണ്ട്- 43.6 ശതമാനം. ഡൽഹി (41.8 ശതമാനം) മൂന്നാമതാണ്. വയറിലെ അമിതവണ്ണത്തിന് ദേശീയ ശരാശരി 39.5 ശതമാനവും അമിതവണ്ണത്തിന് 28.6 ശതമാനവുമാണ്. 90 സെൻ്റിമീറ്ററിൽ (35 ഇഞ്ച്) കൂടുതൽ അരക്കെട്ട് ചുറ്റളവുള്ള പുരുഷന്മാരെയും 80 സെന്റിമീറ്ററിൽ (31 ഇഞ്ച്) കൂടുതലുള്ള സ്ത്രീകളെയുമാണ് കുടവയർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ, ദമ്പതിമാരുടെ അമിതവണ്ണത്തിൻ്റെ ഏറ്റവും ഉയർന്ന നിരക്കും കേരളത്തിലാണ്. വിവാഹിതരായവരിൽ 51.3 ശതമാനം പേരും അമിതവണ്ണമുള്ളവരാണ്.
