കോഴിക്കോട് :- പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ യുവാവിന്റെ പരാക്രമം. കോഴിക്കോട് പുറമേരിയിലെ ബിരിയാണി കടയിലാണ് ആക്രമണമുണ്ടായത്. ഹോട്ടൽ ഉടമയെ മർദിക്കുകയും കടയുടെ ചില്ല് അടിച്ച് തകർക്കുകയും ചെയ്. കട ഉടമയായ സാദിഖിനാണ് മർദനമേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെ കട അടയ്ക്കുന്ന സമയം ആയപ്പോഴാണ് യുവാവ് കടയിലെത്തിയത്. പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്‌തു. അപ്പേൾ പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ക്ഷുഭിതനാവുകയായിരുന്നു. ചൂട് പൊറോട്ട നൽകാതെ ആൾക്കാരെ മുഴുവൻ പറ്റിക്കുകയാണ് എന്നുപറഞ്ഞാണ് ഇയാൾ കടയുടമയെ മർദിച്ചത്. ഹോട്ടലിനുള്ളിൽ സൂക്ഷിച്ചിരുന്ന വാട്ടർ കാനുകൾ യുവാവ് പുറത്തേക്ക് വലിച്ചെറിയാൻ ശ്രമിച്ചപ്പോൾ കടയുടമ എതിർക്കുകയും തുടർന്ന് യുവാവ് മർദിക്കുകയും ചെയ്‌തു. പരിക്കേറ്റ സാദിഖ് ഇന്നലെ തന്നെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
