കുമ്മായക്കടവിലെ മണലൂറ്റൽ ; ശക്തമായ സമരങ്ങളുമായി മുന്നോട്ട്പോകുമെന്ന് മുസ്ലീംലീഗ്, അഡ്വ. അബ്ദുൽ കരീം ചേലേരി സ്ഥലം സന്ദർശിച്ചു


കമ്പിൽ :- കുമ്മായക്കടവിൽ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മണലൂറ്റൽ നടത്തിയ സ്ഥലം മുസ്ലീംലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി സന്ദർശിച്ചു. ജലഗതാഗതം സുഗമമാക്കുക എന്ന വ്യാജേന യാതൊരു പാരിസ്ഥിതിക പഠനങ്ങളും നടത്താതെ സർക്കാർ നടക്കുന്ന ഡ്രഡ്ജിംഗ് നീതീകരിക്കാനാവാത്തതാണെന്ന് അബ്ദുൽ കരീം ചേലേരി പറഞ്ഞു.

'സർക്കാർ ഉത്തരവ് പ്രകാരം ബോട്ട് ഗതാഗതം സുഗമമാകാൻ മണൽ നീക്കം ചെയ്യാനും ആ മണൽ ദേശീയ പാത നിർമാണത്തിന് വേണ്ടി വിശ്വസമുദ്ര എന്ന കമ്പനിക്ക് കൈമാറാനുമാണ് തീരുമാനം. അവരത് ഡ്രഡ്ജിംഗിനായി ഒരു സബ് കോൺട്രാക്ടർക്ക് കൊടുക്കുകയും പ്രവർത്തി ആരംഭിക്കുകയും ചെയ്തു. സമീപവാസികളുടെയും, മുസ്ലിം ലീഗ് പാർട്ടിയുടെയും പഞ്ചായത്ത് യു ഡി എഫ് അംഗങ്ങളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി ഡ്രഡ്ജിംഗ് നിർത്തി വെച്ചിരിക്കുകയാണ്' - അബ്ദുൾ കരീം ചേലേരി 

'പഞ്ചായത്ത് ഭരണമിതിയുമായി ആലോചിക്കാതെ സർക്കാർ ഇറക്കിയ ഈ ഉത്തരവ് കാരണം ഈ പ്രവർത്തി തുടർന്നാൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാകാനിടയുള്ളത്. വീടുകളിൽ ഉപ്പു വെള്ളം കയറുന്നതിനും കിണറുകൾ മലിനമാകുന്നതിനും ഇത് കാരണമാകും. ചെളികൾ കാരണം പ്രദേശമാകെ ദുർഗന്ധം ഉണ്ടാകാനും കരയിടിച്ചൽ പോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുമിടയുണ്ട് . പ്രത്യേകിച്ച് പാമ്പുരുത്തി എന്ന ദ്വീപുമായി വളരെ അടുത്ത സ്ഥലമാണെന്നതും ഓർക്കേണ്ടതാണ്.

ഇന്ന് സമീപ പ്രദേശവും അവിടുത്തെ വീടുകളും സന്ദർശിച്ചപ്പോൾ ചില കിണറുകളിൽ വെള്ളം കയറുന്നതായും , ചില സമയങ്ങളിൽ വെള്ളത്തിന് നിറമാറ്റവും നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.ജലഗതാഗതം സുഗമമാക്കുക എന്ന വ്യാജേന വ്യാപകമായ മണലൂറ്റ് നടത്താനുള്ള സർക്കാറിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രദേശത്താകെയുണ്ട്. ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയുന്നില്ല എങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട്പോകു'മെന്ന് അബ്ദുൾ കരീം ചേലേരി പറഞ്ഞു.





Previous Post Next Post