അണ്ടലൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം


ധർമടം :- അണ്ടലൂർ ക്ഷേത്രോത്സവത്തിന് ഒരുങ്ങി ധർമടം ഗ്രാമം. ദേവഭോജ്യം ഒരുക്കാനുള്ള വാഴക്കുലയും അവിലും മലരും എത്തി. ഇന്ന് ഫെബ്രുവരി 13 മുതൽ 19 വരെയാണ് അണ്ടലൂർ ക്ഷേത്ര ഉത്സവം. രാമായണകഥയെ ആസ്പദമാക്കി കെട്ടിയാട്ടം നടക്കുന്ന ക്ഷേത്രത്തിൽ ഇന്ന് തേങ്ങ താക്കൽ ചടങ്ങാണ്. നാളെ രാത്രിയാണ് ചക്കകൊത്ത്. അണ്ടലൂർ ക്ഷേത്രത്തിൽ ചക്ക കൊത്തിയാൽ മാത്രമേ ധർമടം ഗ്രാമവാസികൾ ചക്ക കഴിക്കാറുള്ളു. നാളെ രാത്രി പിണറായി പാണ്ഡ്യഞ്ചേരി പടിക്കൽ ചെന്ന് മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങുമുണ്ട്.

ഫെബ്രുവരി 15ന് രാത്രി മേലൂർ വടക്ക് കുറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്തു നിന്ന് മേലൂർ മണലിൽ തൃക്കൈക്കുട തറയിൽ എത്തിക്കുന്ന കുട രാത്രി 11 മണിക്ക് വില്ലാളികളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കുടവരവ് ക്ഷേത്രത്തിലെത്തുന്നതോടെ ഫെബ്രുവരി 16ന് പുലർച്ചെ മുതൽ ക്ഷേത്രത്തിൽ കെട്ടിയാട്ടം ആരംഭിക്കും. സീതയും മക്കളുമാണ് ആദ്യം കെട്ടിയാടുക. ഉച്ചയ്ക്ക് ക്ഷേത്രമുറ്റത്ത് ബാലി - സുഗ്രീവ യുദ്ധം നടക്കും. സന്ധ്യാസമയത്ത് പ്രധാന ആരാധനാ മൂർത്തിയായ ദൈവത്താറുടെ തിരുമുടി വയ്‌പ്.

മേലെക്കാവിൽ ഭക്തരെ അനുഗ്രഹിക്കുന്ന ദൈവത്താർ സഹചാരികളായ അങ്കക്കാരനും ബപ്പൂരനുമൊപ്പം താഴേക്കാവിലേക്ക് എഴുന്നള്ളി, ആട്ടത്തിനു ശേഷം തിരിച്ചെഴുന്നള്ളും. ഉത്സവം സമാപിക്കുന്ന ഫെബ്രുവരി 19 വരെ ഇതേ രീതിയിലുള്ള തെയ്യാട്ടമാണ് ക്ഷേത്രത്തിൽ നടക്കുക. ഇന്നലെ മറ്റു ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി ലോഡ് കണക്കിന് വാഴക്കുലകൾ ചിറക്കുനിയിലെത്തി.

Previous Post Next Post