സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിതരുടെ എണ്ണം ഉയരുന്നു



മലപ്പുറം :- കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ചിക്കൻപോക്‌സ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ഹോമിയോ, ആയുർവേദ ക്ലിനിക്കുകളിലും എത്തുന്നവരുടെ കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് സൂചന. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് മലപ്പുറത്താണ്. പാലക്കാട് (185), കണ്ണൂർ (143), കോഴിക്കോട് (141) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.

സാധാരണയായി തണുപ്പുകാലത്തു നിന്ന് ചൂടിലേക്ക് മാറുമ്പോഴാണ് ചിക്കൻപോക്സ് വ്യാപനം ഉണ്ടാകാറുള്ളതെങ്കിലും ഇത്തവണ ചൂട് നേരത്തെ ആരംഭിച്ചത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കി. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. വാരിസെല്ല സോസ്റ്റർ എന്ന വൈറസ് കാരണമുണ്ടാകുന്ന ഈ രോഗം കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ കുമിളകൾ ഉണങ്ങുന്നത് വരെ മറ്റുള്ളവരിലേക്ക് വൈറസ് പടരാൻ സാധ്യതയുണ്ട്.

പനി, ക്ഷീണം, ശരീവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുടർന്ന് മുഖം, നെഞ്ച്, പുറം എന്നിവിടങ്ങളിൽ തടിപ്പുകൾ ആരംഭിച്ച് പിന്നീട് ജലം നിറഞ്ഞ കുമിളകളായി മാറുന്നു. ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഇവർ പ്രത്യേക മുൻകരുതൽ എടുക്കണം.

രോഗലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും കൃത്യമായ ചികിത്സ തേടുകയും വേണം. അസുഖം പൂർണ്ണമായി മാറുന്നതിന് മുൻപ് കുട്ടികളെ സളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും സമ്പർക്കം ഉണ്ടായി 72 മണിക്കൂറിനുള്ളിൽ വാക്സ‌ിൻ എടുക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.

Previous Post Next Post