കാലാവസ്ഥാ നിർണയം മുതൽ ബഹിരാകാശ വിനിമയം വരെ തൊട്ടറിഞ്ഞ് വിദ്യാർത്ഥികൾ ; ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു


കണ്ണൂർ :- പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ തയ്യാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി കൊണ്ട് 'ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ ക്യാമ്പ് സമാപിച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്‌കൂളുകൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.

പൂന്തോട്ടത്തിൽ നിന്ന് തേൻ ശേഖരിച്ച് അവ പാക്കിങ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകർന്നു നൽകുന്ന നാല് സീനുകളുള്ള അനിമേഷൻ തയ്യാറാക്കി ത്രിമാന അനിമേഷൻ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, ക്യാമറ അറേഞ്ച്മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്സിങ് തുടങ്ങിയവ സ്വതന്ത്ര സോഫ്ട്‍വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ക്യാമ്പിൽ വിശദമായി പരിചയപ്പെട്ടു. ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മെയ് മാസം നടത്തുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ഇനി ഈ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ മുഴുവൻ കുട്ടികൾക്കും പഠിപ്പിക്കും എന്ന പ്രതിജ്ഞ എടുത്താണ് എകെജി സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്കൂളിൽ സമാപിച്ച ക്യാമ്പിൽ നിന്നും കുട്ടികൾ പിരിഞ്ഞു പോയത് . കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ സുരേന്ദ്രൻ അടുത്തില, മാസ്റ്റർ ട്രെയിനർമാരായ ജലീല്‍ കെ, സിന്ധു എ, ബിനു ജോണ്‍, അജിത്കുമാര്‍ സിപി, നജ്മുന്നീസ എപി, ശ്രീനാഥ് ഇ ഐ, സുമയ്യ, കരുണ്‍ രാജ്, രമേശൻ പി എ, മുഹമ്മദ് നിസാമി, ദിനേശൻ വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



Previous Post Next Post