ശബരിമലയിലെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി


കൊച്ചി :- ശബരിമലയിലെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിർമ്മാണം നടന്നത്. അന്ന് പ്രയാർ ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. അജയ് തറയിൽ, സിപിഎം പ്രതിനിധിയായ രാഘവൻ എന്നിവരും ബോർഡ് അം ഗങ്ങളായിരുന്നു. ഈ ഭരണസമിതിയുടെ കാലത്തെ വാജി വാഹന കൈമാറ്റം ഉൾപ്പടെ വിവാദമായിരുന്നു.

കൊടിമരം മാറ്റി സ്ഥാപിച്ചത് എസ്ഐടി അന്വേഷണ പരിധിയിൽ വന്നിരുന്നു. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് നീങ്ങിയത്. കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ് ഐ ടി ചോദ്യം ചെയ്‌തിരുന്നു. 1998 മുതൽ 2025വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന കാര്യങ്ങൾ നാല് ഘട്ടമായി അന്വേഷിക്കണമെന്നായിരുന്നു അന്നത്തെ ഹൈക്കോടതിയുടെ നിർദ്ദേശം. 

2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികൾ തുടങ്ങിയത്. കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡന്റായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ വാജിവാഹനം തന്ത്രി കണ്ഠര് രാജീവർക്കാണ് ബോർഡ് കൈമാറിയത്. സ്വർണകൊള്ള വിവാദം ഉയർന്നപ്പോൾ വാജിവാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചുവെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയ്യാറായിരുന്നില്ല.

Previous Post Next Post