കൊളച്ചേരി :- യാത്രക്കാർക്ക് ദുരിതം വിതച്ച് ചേലേരി കയ്യങ്കോട് റോഡ്. കൊളച്ചേരി പഞ്ചായത്തിലെ 11, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന കയ്യങ്കോട് റോഡ് തകർന്നിരിക്കുകയാണ്. ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മഴക്കാലമാകുന്നതോടെ ഈ റോഡിലൂടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒട്ടും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
കൂടുതൽ പ്രയാസങ്ങൾ ഉണ്ടാകുന്നതിനുമുന്നേ റോഡ് അടിയന്തരമായി റീ താർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി കോൺഗ്രസ് ചേലേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. റോഡിന്റെ തകർച്ചയെ സംബന്ധിച്ച് അധികൃതർക്ക് വിവരം നൽകിയെങ്കിലും ഇതുവരെയായി റോഡ് താർ ചെയ്ത് ഗതാഗത യോഗ്യമാക്കിയില്ലെന്ന് നിവേദനത്തിൽ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി നിവേദനം ഏറ്റുവാങ്ങി. ടെണ്ടർ നടപടികൾ ആരംഭിച്ചെന്നും നടപടികൾ പൂർത്തിയായ ശേഷം ഉടൻ റോഡിന്റെ റീ താറിങ് പ്രവൃത്തി തുടങ്ങുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
